കോട്ടയത്ത് നിന്നും
ജാഗ്രതാന്യൂസ് ലൈവ്
പ്രത്യേക ലേഖകന്‍
കോട്ടയം: ബസേലിയസ് കോളേജിന് മുന്നില്‍ റോഡില്‍ എഴുതുന്നതിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. കോട്ടയം നഗരമധ്യത്തില്‍ ബസേലിയസ് കോളേജിന് മുന്നിലുണ്ടായ സംഘര്‍ത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സാന്നിധ്യം. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ബസേലിയസ് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോളേജിന് മുന്നിലെ റോഡില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ എഴുതിയിരുന്നു. ഇതിന് മുകളിലായി കെ എസ് യു പ്രവര്‍ത്തകര്‍ എഴുതി.
ഇതിനെ ചോദ്യം ചെയ്ത് എത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരും കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളും ഉണ്ടായി. പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാൽ, കെ.എസ്.യു പ്രവർത്തകർ റോഡിൽ എഴുതിയതിനു പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ ഇതിനു മുകളിലായി എസ്.എഫ്.ഐ ബുക്ക്ഡ് എന്ന് എഴുതിയതാണ് സംഘർഷത്തിന് ഇടയാക്കിയതെന്ന് എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. കെ.എസ്.യു റോഡിൽ എഴുതിയതിനു മുകളിലായി എസ്.എഫ്.ഐ പ്രവർത്തകർ എഴുതിയത് മായ്ക്കണമെന്നു കെ.എസ്.യു യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. വൈകിട്ടോടു കൂടി ഇതിനായി എത്തിയ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐയുടെ ഏരിയ ഭാരവാഹികൾ അടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നതായി കെ.എസ്.യു ജില്ലാ ഭാരവാഹികൾ ആരോപിച്ചു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നും കെ.എസ്.യു പ്രവർത്തകരും ജില്ലാ ഭാരവാഹികളും ആരോപിച്ചു.
വിവരമറിഞ്ഞ് സിപിഎം ഏരിയാ സെക്രട്ടറി പി.കെ ശശികുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കെ എസ് യു ജില്ലാ വൈസ് പ്രസി. പി.കെ. വൈശാഖ്, രാഹുല്‍ മറിയപ്പള്ളി, അനീഷ് പരമ്പിനകം എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം- കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി. ഇത് സംഘര്‍ഷ സ്ഥിതി രൂക്ഷമാക്കി.
ഇതോടെ കോട്ടയം ഈസ്റ്റ് സി.ഐ. യു ശ്രീജിത്ത്, വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഒരാള്‍ പോലും റോഡിലെഴുതേണ്ട എന്ന നിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയി.