അയാൾ തുറന്നിടുന്ന ജാലകങ്ങൾക്കകത്തെ കാഴ്ചകൾ ഒരു തരത്തിലും പ്രവചിക്കാനാകാത്ത വിധം വ്യത്യസ്തമാണ്; കുഞ്ചാക്കോയുടെ രൂപമാറ്റത്തെ, ഭാവമാറ്റത്തെ ഉൾക്കൊണ്ട് ജിതേഷ് മംഗലത്ത് എഴുതുന്നു

അഭിനയ രൂപഭാവം

Advertisements
ജിതേഷ് മംഗലത്ത്

ഒരഭിനേതാവ് എപ്പോഴാണ് വിജയിയെന്ന് വിശേഷിപ്പിക്കപ്പെടുന്നത് എന്ന് ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്.തൊണ്ണൂറുകളിൽ നിരന്തരം ക്വാളിറ്റി എന്റർടെയിനറുകൾ തന്നു കൊണ്ടിരുന്നപ്പോൾ മോഹൻലാലും,ഓരോ ബോക്‌സ് ഓഫീസ് തകർച്ചയിൽ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റു കൊണ്ടിരുന്ന മമ്മൂട്ടിയും എനിക്ക് വിജയികളുടെ ഛായകളുള്ളവരാണ്.പിന്നീട് കുറേക്കഴിഞ്ഞപ്പോൾ സിനിമയുടെ വിജയപരാജയങ്ങൾക്കപ്പുറം അഭിനേതാവിന്റെ പ്രകടനത്തെ വിലയിരുത്താൻ സാധിക്കുന്ന ഒരു ഘട്ടത്തിലെത്തിയപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം ഭരത് ഗോപിയും,തിലകനും ഒക്കെ സർവ്വവിജയികളുടെ നിരയിലേറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

25 കൊല്ലം മുമ്പ് തൊടുപുഴ ശ്രീകൃഷ്ണയിൽ നിന്ന് അനിയത്തിപ്രാവ് കാണുമ്പോൾ എന്നിലെ പതിനഞ്ചുകാരനും മറ്റു പലരെയും പോലെ കുഞ്ചാക്കോ ബോബൻ കാല്പനികതയുടെ എപ്പിടോമായ യവനദേവനായിരുന്നു.പ്രണയത്തിന്റെ വേദനഛവികൾ ആ ചോക്ലേറ്റ് മുഖത്തു വരുത്തിയിരുന്ന വിങ്ങലുകളിൽ എന്റെ എത്രയോ പ്രണയസന്ധ്യകൾ വിളർത്തസ്തമിച്ചു.നക്ഷത്രത്താരാട്ടിലും,മയിൽപീലിക്കാവിലും,പ്രേം പൂജാരിയിലുമൊക്കെ ഞാനയാളുടെ ശരീരഭാഷയിൽ എന്റെ പ്രണയസങ്കല്പങ്ങളെ സാക്ഷാത്കരിച്ചു.നിറത്തിൽ ശാലിനി തന്റെ സന്ദേഹങ്ങൾ അയാളോടു പറയുന്ന സന്ധ്യയിൽ അയാൾക്കൊപ്പം എന്റെയുടലും നിർലജ്ജം ഏതോ അഴലിൽ തളർന്നുപോയി.

പിന്നീടങ്ങോട്ട് തിരിച്ചിറക്കത്തിന്റെ നാളുകളായിരുന്നു.റൊമാന്റിക് നായകനിൽ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴൊക്കെ മലയാളി അയാളെ നിർദ്ദയം തഴഞ്ഞു.2002ൽ സ്വപ്നക്കൂടിൽ അന്നത്തെ ടീനേജ് സെൻസേഷനായ പൃഥ്വീരാജിനൊപ്പം അഭിനയിക്കുമ്പോൾ അയാൾക്കു പുറകിൽ എന്നോ കഴിഞ്ഞ കാലം പോലെ കാല്പനികത നിശ്ചലമായി നിന്നു.അനിയത്തിപ്രാവിൽ നിന്നും സ്വപ്നക്കൂടിലേക്കുള്ള അഞ്ചു വർഷങ്ങൾ അതിലേറെക്കാലത്തിന്റെ പ്രതീതിയുണർത്തിയിരുന്നു.തൊട്ടതൊക്കെയും പിഴയ്ക്കുന്ന കാലമായിരുന്നു ചാക്കോച്ചനെ കാത്തിരുന്നത്.ഒരു തരത്തിലും കരിയറിനെയോ,ബോക്‌സ് ഓഫീസിനെയോ സ്വാധീനിക്കാത്ത ഒട്ടേറെ കഥാപാത്രങ്ങൾ അയാളിൽ നിന്നും പിറന്നു വീണു.പതുക്കെ,മറ്റൊരു ശങ്കറിനെ അനുസ്മരിപ്പിക്കുമാറ്,ചാക്കോച്ചൻ വിസ്മൃതിയിലേക്ക് മറയാൻ തുടങ്ങുകയായിരുന്നു.

അപ്പോഴാണ് 2011 ൽ രാജേഷ് പിള്ളയും,ബോബി-സഞ്ജയ് ടീമും ചേർന്ന് ഡോ.ഏബിൾ തര്യൻ എന്ന കഥാപാത്രവുമായി ചാക്കോച്ചനെ സമീപിക്കുന്നത്.ടിപ്പിക്കൽ ബോബി-സഞ്ജയ് ഗ്രേ ഷേഡ് പേറിയിരുന്ന ഏബിൾ ചാക്കോച്ചനെ സംബന്ധിച്ചിടത്തോളം ഒരു റിഡംപ്ഷന്റെ തുടക്കമാവുകയായിരുന്നു.അന്നു വരെ അയാളിൽ കണ്ടുശീലിച്ച ഭാവങ്ങളെ കുടഞ്ഞു കളയുന്ന അനുഭവമായിരുന്നു ഏബിൾ.മലയാളസിനിമയിൽ എല്ലാ അർത്ഥത്തിലും ട്രെൻഡ് സെറ്ററായി മാറിയ ട്രാഫിക് ചാക്കോച്ചന് ശരിക്കുമൊരു കരിയർ ഡിഫൈനിങ്ങ് സിനിമയായിരുന്നു.ബോക്‌സ് ഓഫീസ് ഹിറ്റായ സീനിയേഴ്‌സിലും,പരാജയമായ റേസിലും ഗ്രേ ഷേഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അയാൾ മടിച്ചില്ല.അതിനിടയ്ക്കും മല്ലുസിംഗും,ഓർഡിനറിയും പോലുള്ള സിനിമകൾ ഡെലിവർ ചെയ്യാനും ചാക്കോച്ചന് കഴിയുന്നുണ്ടായിരുന്നു.ഗോഡ് ഫോർ സെയിലിലും,വിശുദ്ധനിലും,കൊന്തയും പൂണൂലിലും അഭിനയിക്കുമ്പോൾ തന്നെ അതിനിടയിൽ റോമൻസും,3 ഡോട്ട്‌സും അവതരിപ്പിക്കാനും അയാൾ മറന്നില്ല.

ഹൗ ഓൾഡ് ആർ യൂ പോലെയുള്ള സ്ത്രീപക്ഷ സിനിമകളുടെയും,ചിറകൊടിഞ്ഞ കിനാക്കൾ പോലെയുള്ള പരീക്ഷണസിനിമകളുടെയും ഭാഗമാകാൻ അയാളുടെ നായകപരിവേഷം തടസ്സമായതേയില്ല.ട്രാഫിക്കിനു ശേഷം 5 വർഷങ്ങൾക്കു ശേഷമാണ് രാജേഷ് പിള്ള മെൽവിൻ ഫിലിപ്പെന്ന വെല്ലുവിളിയുയർത്തുന്ന കഥാപാത്രവുമായി,വേട്ടയ്ക്കു വേണ്ടി ചാക്കോച്ചനെ സമീപിക്കുന്നത്.പ്രതിഭാസ്പർശത്താൽ തന്നേക്കാൾ മുൻതൂക്കമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന മഞ്ജുവാര്യരുടെയും,ഇന്ദ്രജിത്തിന്റെയും മുന്നിൽ അവരെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കുകയായിരുന്നു ചാക്കോച്ചൻ.ഇന്നും മെൽവിനും,അയാളുടെ നിഗൂഢതയൊളിപ്പിച്ച ആ ചിരിയും എനിക്കൊരു പ്രഹേളികയാണ്.ടേക്ക് ഓഫ്,രാമന്റെ ഏദൻ തോട്ടം തുടങ്ങി ചാക്കോച്ചൻ ഭാഗമായ വേറിട്ട ചിത്രങ്ങൾ നിരവധിയായിരുന്നു അക്കാലത്ത്.

2019 ൽ അള്ളു രാമേന്ദ്രനു ശേഷം ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും എക്‌സൈറ്റിംഗായ ഫേസ് ആരംഭിക്കുകയാണ്.വൈറസും,അഞ്ചാം പാതിരയും,നായാട്ടും,നിഴലും,ഭീമന്റെ വഴിയും ഇപ്പോൾ പടയും ഒക്കെ തന്റെ കംഫർട്ട് സോണിൽ നിന്നും പ്രകാശവർഷങ്ങൾ അകലെയുള്ള കുഞ്ചാക്കോ കഥാപാത്രങ്ങളാണ്.യാതൊരു തരത്തിലും പ്രവചിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രൊജക്ടുകളുടെ ഭാഗമാണയാളിപ്പോൾ.മോളിവുഡിലെ ഏറ്റവും വെഴ്‌സറ്റൈലായ അപ് കമിംഗ് ഫിലിമോഗ്രഫിയും ഒരുപക്ഷേ അയാളുടേതായിരിക്കണം. ഒറ്റ്,ന്നാ താൻ കേസ് കൊട്,എന്താടാ സജി,പത്മിനി… അയാൾ തുറന്നിടുന്ന ജാലകങ്ങൾക്കകത്തെ കാഴ്ചകൾ ഒരു തരത്തിലും പ്രവചിക്കാനാകാത്ത വിധം വ്യത്യസ്തമാണ്.കരിയറിന്റെ ഘട്ടത്തിൽ വ്യത്യസ്തമായ ഒന്നിന്റെയും ഭാഗമാകാൻ കഴിയാതെ തളർന്നു നിന്ന ഒരാൾ ഇതിലും ഗംഭീരമായി തിരിച്ചു വന്ന കഥകൾ മലയാളസിനിമയിൽത്തന്നെ അധികമുണ്ടാകില്ല.ബോക്‌സ് ഓഫീസിൽ എന്ത് ഇമ്പാക്ട് ഉണ്ടാക്കുന്നു എന്നതിനപ്പുറം നിരന്തരം തന്റെ സ്‌കോപ്പ് ഓഫ് ഫീൽഡിനെ പരമാവധി എക്സ്റ്റൻഡ് ചെയ്യുന്ന കുഞ്ചാക്കോ ബോബൻ എന്ന അഭിനേതാവിനെ വിജയി എന്നു തന്നെ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നു.അനിയത്തിപ്രാവിലെ സുധിയിൽ നിന്നും,ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ രാജീവനിലേക്ക് അയാളുടെ ശരീരഭാഷ നടന്നു കയറിയ പാതയും ദൂരവും എന്നെ അത്രമേൽ ആവേശഭരിതനാക്കുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.