ജോഹ്നാസ് ബർഗ് : മൂന്നാം 20 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 100 റണ്ണിന് തകർത്ത ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ദക്ഷിണാഫ്രിക്കൻ ബാറ്റർ മാരെ കറക്കി വീഴ്ത്തിയ കുൽദീപ് യാദവിന്റെ സ്പിൻ ബൗളിംളും , ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെ ഉജ്ജ്വല സെഞ്ച്വറിയും ആണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. കുൽദീപ് യാദവ് 2.5 ഓവറിൽ 17 റം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ , 56 പന്തിൽ എട്ട് സിക്സും ഏഴ് ഫോറുമായാണ് സൂര്യ സെഞ്ച്വറി നേടിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ശുഭമാൻ ഗില്ലും (12) ജയസ്വാളും (60) ചേർന്ന് ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം നൽകി. പത്ത് റൺ ശരാശരിയിൽ ഇന്ത്യ കുതിച്ചുകൊണ്ടിരിക്കെയാണ് ഗിൽ വീണത്. പിന്നാലെ , തിലക് വർമ്മയും (O) വീണത് ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ സൂര്യയും ജയ്സ്വാളും ചേർന്ന് മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ ഇന്ത്യ ഡ്രൈവിംഗ് സീറ്റിലായി. ജെയ്‌സ്വാൾ പുറത്തായതിനു പിന്നാലെ എത്തിയ റിങ്കു സിംഗ് (14) , ജിതേഷ് ശർമ (4) , രവീന്ദ്ര ജഡേജ എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായി. സെഞ്ചുറി തികച്ചതിനു പിന്നാലെ സൂര്യ കൂടി പുറത്തായതോടെ ഇന്ത്യ 200 കടക്കാതെ ബാറ്റിംഗ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ സമ്മതിച്ചില്ല. ആദ്യ ഓവർ തന്നെ മെയ്ഡൻ ആക്കിയ മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കയ്ക്ക് മേൽ സമ്മർദ്ദം മുറുക്കി. രണ്ടാം ഓവറിൽ തന്നെ മാത്യു ബ്രീറ്റ്സ് കെയുടെ (4) വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാർ ഇന്ത്യയ്ക്ക് നിർണായകമായ ബ്രേക്ക് നൽകി. പിന്നീട് പന്ത് ഏറ്റെടുത്ത ഇന്ത്യൻ സ്പിന്നർമാർ ദക്ഷിണാഫ്രിക്കയെ വട്ടം കറക്കി. കുൽദീപ് അഞ്ചും , ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷദീപും മുകേഷും ഓരോ വിക്കറ്റ് പങ്കിട്ടു. ദക്ഷിണാഫ്രിക്കൻ ബാറ്റർ മാരിൽ മില്ലറും (35) , മാക്രവും (25) ഫെരേരിയും (12) മാത്രമാണ് രണ്ടക്കം കടന്നത്.