സിറിയന്‍ ആഭ്യന്തര കലാപകാലത്തെ വീഡിയോ; ഫോറിന്‍ മാധ്യമങ്ങളുടേതെന്ന പേരില്‍ കുറച്ച് ട്വീറ്റുകള്‍; സംയുക്തസൈനിക മേധാവിയുടെ വിയോഗത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ കയ്യടക്കി വ്യാജവാര്‍ത്തകള്‍; കയ്യില്‍ കിട്ടുന്നതെല്ലാം ഫോര്‍വേഡ് ചെയ്യും മുന്‍പ് ‘ ഫാക്ട് ചെക്ക്’ ചെയ്യണേ..!

ജാഗ്രതാ ന്യൂസ് ഡെസ്‌ക്

Advertisements

കോട്ടയം: കൂനൂരിലെ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, തൃശൂര്‍ സ്വദേശി പ്രദീപ് എന്നിവരുള്‍പ്പെടെ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സാധാരണക്കാര്‍ മുതല്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ്, റീല്‍സ്, പോസ്റ്റ് എന്നീ രൂപത്തിലും ധീരജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുകയാണ് ജനങ്ങള്‍. എന്നാല്‍ ഇതിനിടയില്‍ വ്യാപകമായി കടന്ന് കൂടിയിരിക്കുകയാണ് വ്യാജന്മാരും. അപകടവുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍, വീഡിയോകള്‍, ഊഹാപോഹം നിറച്ച മെസേജുകള്‍ എന്നിവ ഇതില്‍പ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകരുന്ന വീഡിയോ എന്ന പേരില്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ വ്യാപകമായി പങ്ക് വച്ച വീഡിയോ സിറിയയില്‍ നിന്നുള്ളതാണ്. ആഭ്യന്തരകലാപ കാലത്തെ സിറിയയില്‍ നിന്നുള്ള ഈ കോപ്റ്റര്‍ ആകാശത്ത് കത്തിയമരുന്നത് കാണാം. സന്ദര്‍ഭവുമായി ചേര്‍ത്ത് വയ്ക്കുമ്പോള്‍ വിശ്വസനീയം എന്ന് കരുതി നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തു. ആധികാരികമല്ലാത്ത ചില ട്വീറ്റുകളാണ് അടുത്തത്. അപകടത്തിന് പിന്നില്‍ മിസൈല്‍ ആക്രമണം ആണെന്നും അട്ടിമറി ഉറപ്പിക്കാമെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ പൂഴ്ത്തിയ ഈ കഥകള്‍ വിദേശ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നുമാണ് ട്വീറ്റിന്റെ ഉള്ളടക്കം. ഇതും ഒന്നാന്തരം വ്യാജന്‍ തന്നെ. ആട്ടിമറി സാധ്യതയോ ആക്രമണമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത സ്ഥാനത്താണ് വ്യാജന്റെ വിളയാട്ടം.

വ്യാജവാര്‍ത്തകള്‍ എങ്ങനെ മനസ്സിലാക്കാം എന്ന കാര്യം പ്രധാനമാണ്. കയ്യില്‍ കിട്ടുന്നതെന്തും ഫോര്‍വേഡ് ചെയ്യുന്ന ശീലം ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. പലരും ഉള്ളടക്കം പോലും നോക്കാതെയാണ് പല സന്ദേശങ്ങളും പങ്ക് വയ്ക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന വ്യാജനെ, ഒരല്പം ശ്രദ്ധിച്ചാല്‍ എളുപ്പത്തില്‍ മനസ്സിലാക്കാം. അതിന് ചില ടിപ്‌സ് ആന്‍ഡ് ട്രിക്‌സ് ഉണ്ട്,

വായന തലക്കെട്ടില്‍ മാത്രം നിറുത്താതിരിക്കുക- വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിനായി തുടക്കത്തിലെ കുറച്ച് ശരിയായ വാര്‍ത്തകള്‍ നല്‍കിയ ശേഷം തെറ്റായ ഉള്ളടക്കം എഴുതുന്ന പ്രവണതയാണ് കൂടുതല്‍ കാണപ്പെടുന്നത് . അതുകൊണ്ടുതന്നെ തലക്കെട്ടും തുടക്കവും വായിച്ചതിനുശേഷം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുക.

ഉറവിടം പരിശോധിക്കുക- വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അത്തരം വാര്‍ത്തകള്‍ എവിടെ നിന്നു ലഭിച്ചു എന്ന് വ്യക്തമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ബന്ധപ്പെട്ട ആളുകളുടെ പ്രസ്താവനകള്‍, എജന്‍സികളുടേയും, മറ്റ് പ്രധാന മാധ്യമങ്ങളുടെയും പേരുകള്‍ ഉറവിടങ്ങളായി നല്‍കിയിട്ടുണ്ടോ എന്ന് നോക്കുക. ആ ഉറവിടങ്ങള്‍ വിശ്വാസ്യ യോഗ്യമാണോ എന്നും പരിശോധിക്കുക. അപരിചിതമായ ഒരു വെബ്സൈറ്റില്‍ നിന്നാണ് നിങ്ങള്‍ക്ക് വാര്‍ത്തയോ മറ്റെന്തെങ്കിലും വിവരങ്ങളോ ലഭിക്കുന്നതെങ്കില്‍ ആ വെബ്സൈറ്റിന്റെ ‘എബൗട്ട്’ സെക്ഷനില്‍ പോയി വെബ്സൈറ്റിനൈ കുറിച്ച് കൂടുതല്‍ മനസിലാക്കുക.

ചിത്രങ്ങള്‍ പരിശോധിക്കുക- കൃത്രിമത്വം കാണിക്കുന്ന വീഡിയോകളും ദൃശ്യങ്ങളുമായിരിക്കും വ്യാജ വാര്‍ത്തകളില്‍ പലപ്പോഴും ഉപയോഗിക്കുക. ചിലപ്പോള്‍ യഥാര്‍ത്ഥ ചിത്രങ്ങളായിരിക്കും പക്ഷെ വാര്‍ത്തയുമായി യാതൊരുവിധ ബന്ധവും ഉണ്ടാവുന്നതാവില്ല അത്. ചിത്രങ്ങള്‍ വ്യാജമാണോ എന്ന് പരിശോധിക്കാന്‍ ആ ചിത്രം ഗൂഗിള്‍ ഇമേജില്‍ സെര്‍ച്ച് ചെയ്ത് പരിശോധിച്ചാല്‍ മതി. അതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് മനസിലാക്കാം

യു.ആര്‍.എല്‍ നന്നായി പരിശോധിക്കുക- മറ്റ് വെബ്സൈറ്റുകളുടെ യു.ആര്‍.എലില്‍ ചെറിയ മാറ്റം വരുത്തി തെറ്റിദ്ധരിപ്പിക്കും വിധമായിരിക്കും വ്യാജ വാര്‍ത്തകളുടെയും വെബ്സൈറ്റുകളുടെയും യുആര്‍എല്‍. വ്യാജ വാര്‍ത്തയാണെന്ന് എതെങ്കിലും വിധത്തില്‍ സംശയം ഉടലെടുത്താല്‍ യുആര്‍എല്‍ തീര്‍ച്ചയായും പരിശോധിക്കുക.

തീയതി പരിശോധിക്കുക- യാതൊരു യുക്തിയുമില്ലാത്ത തീയതികളായിരിക്കും ചിലപ്പോള്‍ വ്യാജ വാര്‍ത്തകള്‍ക്കുണ്ടാവുക. വാര്‍ത്തകളില്‍ പറയുന്ന സംഭവങ്ങളുടെയും മറ്റ് കാര്യങ്ങളുടെയും തീയതികളിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന തീയ്യതികളിലും ചേര്‍ച്ചയില്ലായ്മ ശ്രദ്ധയില്‍പെട്ടേക്കാം.

തെളിവ് പരിശോധിക്കുക- വാര്‍ത്താ ലേഖകന്‍ നല്‍കിയ ഉറവിടങ്ങള്‍ പരിശോധിച്ച് ആ വാര്‍ത്തയുടെ ആധികാരികത പരിശോധിക്കാം. തെളിവുകളില്ലാത്തതും, കൃത്യമായ വാര്‍ത്താ സ്രോതസ്സുകളെ സൂചിപ്പിക്കാത്തതും, വ്യാജ നാമത്തിലും, എഴുതിയ ആളെ സൂചിപ്പിക്കാത്തതുമായ വാര്‍ത്തകള്‍ വ്യാജമാവാന്‍ ഇടയുണ്ട്. അത്തരം കാര്യങ്ങളും ശ്രദ്ധിക്കുക.

ഇതേ വിഷയം പറയുന്ന മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുക- ഒരു വാര്‍ത്ത ശരിയാണോ എന്ന് പരിശോധിക്കാന്‍ ആദ്യം ചെയ്യേണ്ടത്, അതേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റ് മാധ്യമങ്ങള്‍ കൂടി പരിശോധിക്കുക എന്നതാണ്. നിങ്ങള്‍ക്ക് വിശ്വാസ്യയോഗ്യമായ ഒന്നില്‍ കൂടുതല്‍ മാധ്യമങ്ങളില്‍ ആ വാര്‍ത്ത വന്നിട്ടുണ്ടെങ്കില്‍ ആ വാര്‍ത്ത വിശ്വാസ്യ യോഗ്യമാവാനാണ് സാധ്യത.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.