കുറവിലങ്ങാട്: അനന്തമായ കടൽ പോലെ വിശ്വാസികൾ, അതിൽ ഒഴുകിനീങ്ങുന്ന കപ്പൽ. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ ഇന്നു ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടന്നു. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിൻ്റെ ഭാഗമായാണ് കപ്പൽ പ്രദക്ഷിണം നടന്നത്. യോനാ പ്രവാചകൻ്റെ കപ്പൽ യാത്രയെ അനുസ്‌മരിച്ചാണ് നൂറ്റാണ്ടുകളായി ഈ ചടങ്ങ് നടക്കുന്നത്. പള്ളിക്കു ചുറ്റിലും പള്ളി മുറ്റത്തെ കുരിശിൻ തൊട്ടിക്കു ചുറ്റുമാണ് വിശ്വാസികൾ കപ്പൽ കൈകളിൽ വഹിച്ച് പ്രദക്ഷിണം വയ്ക്കുന്നത്.
കപ്പൽ കടൽത്തിരകളിലാടി ഉലയുന്ന പ്രതീതി വരുത്തുന്ന വിധം വിശ്വാസികൾ കപ്പൽ ഉലയ്ക്കും. കപ്പലിലുള്ള യോനാ പ്രവാചകൻ കടലിലേക്ക് എടുത്തെറിയപ്പെടുമ്പോൾ പ്രദക്ഷിണം അവസാനിക്കും. കടപ്പൂർ നിവാസികൾ കപ്പൽ യാത്ര നടത്തിയപ്പോൾ കടൽക്ഷോഭം ഉണ്ടാകുകയും കുറവിലങ്ങാട് മാതാവിനെ പ്രാർത്ഥിച്ചപ്പോൾ കടൽ ശാന്തമായി എന്നുമാണ് ഐതിഹ്യം. ഈ സംഭവത്തിന് ശേഷം കടപ്പൂർ നിവാസികൾ നേർച്ചയായി സമർപ്പിച്ചതാണ് കപ്പൽ. കപ്പൽ പ്രദക്ഷിണത്തിനു പിന്നിൽ ഈ ഐതിഹ്യമാണെന്നും പറയപ്പെടുന്നുണ്ട്. കടപ്പൂർ നിവാസികൾക്കാണ് കപ്പൽ വഹിക്കാൻ പാരമ്പര്യമായി അവകാശമുള്ളത്. പെരുന്നാളിന് ആനയെ എഴുന്നള്ളിക്കുന്ന പള്ളി കൂടിയാണ് കുറവിലങ്ങാട് പള്ളി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുത്തിയമ്മയുടെ തിടമ്പേറ്റി ഗജവീരൻ പള്ളിയുടെ ആനവാതിലിന് മുൻപിലെത്തി തിരുസ്വരൂപം വണങ്ങും അതിനു ശേഷം പള്ളി മുറ്റത്തെ കൽക്കുരിശിനെയും വണങ്ങി പ്രദക്ഷിണം വെച്ച് തിരികെ മടങ്ങി ഈ ചടങ്ങിന് ശേഷമാണ് കൽക്കുരിശിന് ചുറ്റും കപ്പൽ പ്രദക്ഷിണം വച്ചത്. കപ്പൽ പ്രദക്ഷിണം നടക്കുന്നത് ദർശിക്കാൻ നൂറുകണക്കിന് വിശ്വാസികൾ എത്തി. രാവിലെ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ചു. തിരുനാൾ ബുധനാഴ്‌ച സമാപിക്കും.