കുറവിലങ്ങാട്: കുറവിലങ്ങാട് തോട്ടുവയിൽ മരണവീട്ടിൽനിന്ന് 20000 രൂപ കവർന്ന സംഭവത്തിൽ യുവതിക്കായി അന്വേഷണം ആരംഭിച്ച് കുറവിലങ്ങാട് പോലീസ്. തോട്ടുവാ ജയ്ഗിരിയിൽ സംസ്കാരചടങ്ങിനായി വീട്ടുകാർ പള്ളിയിലേക്ക് പോയ സമയത്താണ് വീടിനുള്ളിൽ മോഷണം നടന്നത്. സംസ്കാര ചടങ്ങു നടന്ന വീട്ടിൽ രാവിലെ എത്തിയ യുവതി 6 മണിക്കൂറോളം വീട്ടിനുള്ളിലും പരിസരത്തുമായി നിൽക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
മാസ്ക് ധരിച്ചു നല്ല രീതിയിൽ വസ്ത്രം ധരിച്ചു വന്ന ഇവർ വീട്ടുകാരെകുറിച്ചു കുട്ടികളോട് അന്വേഷണം നടത്തുകയും സുഹൃത്താണെന്നു പറയുകയും ചെയ്തു. വീടിനുള്ളിലും പുറത്തുമായി നിന്ന പുള്ളിക്കാരി സംസ്കാര ചടങ്ങുകൾക്കായി ആളുകൾ പള്ളിയിലേക്ക് പോയ സമയത്ത് വീട്ടിനുള്ളിൽ തന്നെ നിലയുറപ്പിക്കുകയും കവർച്ച നടത്തുകയുമാണുണ്ടായത്. വീട്ടുകാർ പള്ളിയിൽനിന്ന് തിരിച്ചെത്തുന്നതിന് മുമ്പായി ഒരു ഗോൾഡ് കളർ വാഗണർ കാറിൽ കയറി യുവതി രക്ഷപ്പെടുകയും ചെയ്തു.