മണ്ണയ്ക്കനാട്: ഭക്തജന ബാഹുല്യത്താലും 9 കരകളുടെ മൂലക്ഷേത്രം എന്ന നിലയ്ക്കും പ്രശസ്തമായ കുറിച്ചിത്താനം ശ്രീ കാര്യപ്പടവത്ത് കാവിലെ കുംഭഭരണി മഹോത്സവം മാർച്ച് 2 ,3, 4 തീയതികളിൽ നടക്കും. ശ്രീ ഭദ്രാദേവിയുടെ സമീപത്തായി ശിവനും ദുർഗ്ഗാദേവിയും തുല്യ പ്രാധാന്യത്തോടെ പരലസിക്കുന്ന പടിഞ്ഞാറു ദർശനമായി സ്ഥിതി ചെയ്യുന്ന അപൂർവ ദേവീ ക്ഷേത്രങ്ങളിൽ ഒന്നാണ് കാരിപ്പടവത്ത് കാവ്. കലാപരിപാടികളുടെ വൈവിധ്യം കൊണ്ടും ഇത്തവണ ഭരണി മഹോത്സവം വേറിട്ടു നിൽക്കുന്നുവെന്ന് ഉത്സവ കമ്മറ്റി ഭാരവാഹികളായ റ്റി.റ്റി. ബാബു, എ.ആർ.തമ്പി, സുമേഷ് വാസുദേവൻ നമ്പൂതിരി, അജിമേറ്റപ്പള്ളിൽ, അഭിജിത് അജി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രേവതി ദിനത്തിൽ നൃത്ത നാടകവും അശ്വതി ദിനത്തിൽ ഗാനമേളയും ഭരണി ദിനത്തിൽ തായമ്പകയും കൂടാതെ വിവിധ ദേശങ്ങളിൽ നിന്നുള്ള താലപ്പൊലി ഘോഷയാത്രകളും ഗരുഡൻ തൂക്കവും ഉത്സവത്തിന് മാറ്റുകൂട്ടുന്നവയാണ്. നൂറു കണക്കിന് ഭക്തജനങ്ങൾ നടത്തുന്ന ദേവിയുടെ ഇഷ്ടവഴിപാടായ കലം കരിക്കിലും ആയിരങ്ങൾ പങ്കെടുക്കുന്ന ഭരണിയൂട്ടും ഉത്സവത്തിൻ്റെ പ്രധാന ചടങ്ങുകളാണ്. ക്ഷേത്രാങ്കണത്തിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഒഴിവാക്കി ഉത്സവം പരിസ്ഥിതി സൗഹൃദ ഹരിതോത്സവമാക്കി മാറ്റുമന്നും ഭാരവാഹികൾ അറിയിച്ചു.