കുറിച്ചിത്താനം: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും. ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും മാനേജ്മെൻറും ചേർന്ന് സമാഹരിച്ച 101111 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. സമാഹരിച്ച തുക സ്കൂൾ പ്രതിനിധികൾ കോട്ടയം കളക്ടർ ജോൺ വി. സാമുവലിന് നേരിട്ട് കൈമാറി. വളരെ സാധാരണക്കാരുടെ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ മറ്റാവശ്യങ്ങൾക്കായി മാറ്റി വച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
തങ്ങളുടെ സമ്പാദ്യം സൂക്ഷിച്ച കുടുക്ക പൊട്ടിച്ചാണ് പല കുട്ടികളും തുക നൽകിയത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും തുക സമാഹരിച്ച സ്കൂൾ പിടിഎയെയും അധ്യാപകരെയും വിദ്യാർഥികളെയും കലക്ടർ അഭിനന്ദിച്ചു. പി ടി എ പ്രസിഡൻ്റ് സി.കെ.രാജേഷ് കുമാർ തുക കൈമാറി. എസ് എം സി ചെയർമാൻ പി. സന്തോഷ് കുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് ടി.എസ്. അജിത്ത് കുമാർ, അംഗങ്ങളായ എം.എസ്.ഉണ്ണികൃഷ്ണൻ, രാഖി രാഘവൻ, എ.എം. മനോജ്, അധ്യാപകൻ പി.എസ്. ദിലീപ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
നേരത്തെ സ്കൂളിൽ നടന്ന ചടങ്ങിൽ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പാൾ റാണി ജോസഫും പിടിഎ ഭാരവാഹികളും ചേർന്ന് സ്കൂൾ മാനേജർ പഴയിടം മോഹനൻ നമ്പൂതിരിക്ക് കൈമാറി. വിദ്യാർഥികളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായി.