കോന്നി : കുരുമ്പന്‍മൂഴിയില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ പാലങ്ങള്‍ പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ശനിയാഴ്ച ഉണ്ടായ കനത്ത മഴയില്‍ കുരുമ്പന്‍മൂഴി ഭാഗത്ത് പനങ്കുടന്ത വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ ഫലമായി അതിശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. ആദിവാസി മേഖലയായ ഇവിടെ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. വീട് തകര്‍ന്നും പാലങ്ങള്‍ ഒലിച്ചുപോയും വലിയ ദുരിതമാണ് ഉണ്ടായിരിക്കുന്നത്.
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ടുപോകുന്ന പ്രദേശം കൂടിയാണ് കുരുമ്പന്‍മൂഴി. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയുടെ മൂന്ന് ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൃത്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നിരുന്നു. ഇരട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് നദികളില്‍ ജല നിരപ്പ് ഉയരുകയും ക്യാമ്പുകള്‍ തുറക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനു ശേഷമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിഗണിച്ചുകൊണ്ട് വിവിധ ജനവാസ മേഖലകളായ 44 ഇടങ്ങളില്‍ നിന്നും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ പൂര്‍ണമായ സഹകരണം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി. ആളുകള്‍ പോസിറ്റീവായി പ്രതികരിച്ചത് കൊണ്ടാണ് ആളപായം ഇല്ലാതെ ദുരന്തം ഒഴിവായത്.
വരും ദിവസങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഇനിയും ജാഗ്രതയോടുകൂടി കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നോക്കിക്കണ്ട്, അതിന് അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നാശനഷ്ടങ്ങള്‍ വിശദീകരിച്ചു.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി, റാന്നി തഹസീല്‍ദാര്‍ കെ. നവീന്‍ ബാബു, ടിഡിഒ എസ്.എസ്. സുധീര്‍, കൊല്ലമുള വില്ലേജ് ഓഫീസര്‍ സാജന് ജോസഫ്, വാര്‍ഡ് മെമ്പര്‍ മിനി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ അലക്സ്, എസ്.ടി പ്രൊമോട്ടര്‍ അമ്പിളി ശിവന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.