മൂന്ന് പതിറ്റാണ്ടിന്റെ ഒളിവ് ജീവിതം കൊണ്ട് കേരളത്തെ കുഴക്കിയ കുറ്റവാളിയാണ് കുറുപ്പ്. പ്രായത്തെ പൊരുതി തോല്പ്പിച്ചവര് മുതല്‍ പിച്ചവച്ച് തുടങ്ങിയ പിഞ്ച് കുഞ്ഞ് വരെ കുറുപ്പ് എന്ന് കേട്ടാല്‍ തലയുയര്‍ത്തി കണ്ണ് വിടര്‍ത്തി നോക്കും. അതേ, കേരളത്തിലെ മോസ്റ്റ് വാണ്ടണ്ട് മിസ്റ്റീരിയസ് ക്രിമിനല്‍. സ്വന്തം സ്വകാര്യ ലാഭത്തിന് വേണ്ടി ഒരു കുടുംബത്തിന്റെ നാഥനായിരുന്ന ചാക്കോ എന്ന ചെറുപ്പക്കാരനെ 1984 ജനുവരി 21 ന് അംബാസിഡര്‍ കാറിനുള്ളില്‍ ഇട്ട് കത്തിച്ച് ചാരമാക്കി മാറ്റുകയായിരുന്നു. അങ്ങ് അബുദാബിയില്‍ ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുകയായിരുന്നു കുറുപ്പിനെ കാത്തിരുന്നത്.
സ്വയം മരിക്കാതെ തനിക്ക് വേണ്ടി മരിക്കാന്‍ മറ്റൊരാളെ കണ്ടെത്തുകയായിരുന്നു കുറുപ്പിന്റെ തന്ത്രം. ആഡംബരത്തിനും പണത്തിനുമായി കരുതിവച്ചിരുന്ന ലക്ഷങ്ങള്‍ അബുദാബിയില്‍ നിന്ന് അടിച്ചെടുക്കാനായി കൂട്ട് നിന്നത് സ്വന്തം ഭാര്യയും ഭാര്യാസഹോദരനുമായിരുന്നു. സ്വന്തം അംബാസിഡര്‍ കാറില്‍ കയ്യില്‍ കരുതിയ മദ്യക്കുപ്പികളുമായി മാവേലിക്കരയില്‍ നിന്നും ചെറിയനാട് ഭാഗത്തേക്ക് ആ രാത്രി ആ കൊലായാളി സംഘം കാറില്‍ സഞ്ചരിച്ചത് കുറുപ്പിനൊത്ത ഒരു ശരീരം കത്തിക്കരിക്കാന്‍ കണ്ടെത്താനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്ന് രാത്രി തന്റെ അന്ത്യയാത്ര ആയിരിക്കുമെന്നറിയാതെ നിറവയറുമായി തന്നെ കാത്തിരിക്കുന്ന ഭാര്യയെ കാണാന്‍ അതിവേഗത്തില്‍ നടക്കുകയായിരുന്നു ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ. പതിവ് പോലെ അധികം വാഹനങ്ങളില്ലാത്ത മാവേലിക്കര ചെറിയനാട് റോഡില്‍ ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കി നടന്ന് നീങ്ങിയ ചാക്കോയുടെ പിന്നില്‍ നിന്ന് ഒരു അംബാസിഡര്‍ കാര്‍ എത്തുന്നു. കുറുപ്പിന്റെ ശരീരമാകാന്‍ യോഗ്യന്‍ ഇവന് തന്നെ എന്നുറപ്പിച്ച് ആ കൊലയാളി സംഘം കാറൊരല്പം മുന്നിലേക്ക് മാറ്റി നിര്‍ത്തി. ഒരു വാഹനം പോലും ഇല്ലാതെ വിജനമായ ആ വീഥിയില്‍ തന്നെ കാത്ത് എത്തിയ ദൈവദൂതനായിരുന്നു ആ കാറെന്നായിരുന്നു ചാക്കോയുടെ മനസ്സില്‍. തനിയെ തനിക്കായി വിളമ്പിവച്ച ചോറുമായി വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് ഓടിയെത്താന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു ആ മനസ്സ്. മനസ്സിന്റെ വേഗം കാലുകലിലേക്ക് എത്തിയപ്പോള്‍ ചാക്കോ കാറിന്റെ പിന്നിലെ ഡോറിനടുത്തെത്തി. ഉള്ളില്‍ നിന്നും ഡോര്‍ തുറന്ന ശേഷം പുഞ്ചിരിയോടെ ആയിരുന്നു കൊലയാളി സംഘത്തിന്റെ സ്വീകരണം. മരണത്തിലേക്ക് വലംകാല് എടുത്ത് വച്ച് ചാക്കോ കയറി. കൈകളില്‍ ഇരുന്ന മദ്യക്കുപ്പികളില്‍ നിന്ന് ബലമായി മദ്യം വായിലേക്ക് ബലമായി ഒഴിച്ചു. വായും കഴുത്തും അമര്‍ത്തിപ്പിടിച്ചു. കഴുത്തിലൊരു തോര്‍ത്ത് കുരുക്ക് മുറുകി. കുതറുവാനായി കൈകാലുകളിട്ട് അടിക്കാന്‍ ശ്രമിച്ച ചാക്കോയെ കുറുപ്പും സംഘവും വരിഞ്ഞ് മുറുക്കി. പെരുമ്പാമ്പിന്റെ പിടിയില്‍പ്പെട്ട മാന്‍പേടയെ പോലെ ചാക്കോ പിടഞ്ഞു. ശ്വാസം നിലച്ച ചാക്കോയുടെ ശരീരം കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി പാടത്തിലേക്ക് തള്ളിയിറക്കി. പിന്നെയൊരു അഗ്നിഗോളമായി കാറ് മാറി, ഒപ്പം ചാക്കോയും..
കത്തിത്തീര്‍ന്ന കാറ് കണ്ട് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. മരിച്ചത് കുറുപ്പെന്ന് ആണയിട്ട് പറഞ്ഞു സഹോദരന്. കുറുപ്പിന്റെ വീട്ടിലെത്തിയ പൊലീസുകാരന്റെ മൂക്കിലേക്ക് അടിച്ച് കയറിയത് കോഴിക്കറിയുടെ മണമായിരുന്നു. മരിച്ച് ഒരാഴ്ച പോലും കഴിയും മുന്‍പ് വീട്ടില്‍ കോഴിക്കറി വച്ചതില്‍ പൊലീസ് ഉദ്യോഗസ്ഥന് സംശയം തോന്നി. കുറുപ്പിന്റെ സഹോദരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മുഴുക്കയ്യന്‍ ഷര്‍ട്ട് ഒരു മടക്ക് പോലും മടക്കാതെ ബട്ടണ്‍സിട്ട് മറച്ച് വച്ചിരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ ഒരൊറ്റ ചോദ്യം ചെയ്യലില്‍ സ്വത്തിനായി ഞാന്‍ കുറുപ്പിനെ കൊന്നതായി അദ്ദേഹം കുറ്റസമ്മതം നടത്തി. എന്നാല്‍ കയ്യിലേറ്റ പൊള്ളല്‍ മറച്ച് വച്ചത് എന്തിനെന്ന ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. പിന്നീട്, രഹസ്യമായി പൊലീസ് നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ കുറുപ്പിന്റെ കണക്ക് പുസ്തകത്തില്‍ കുറിച്ചിട്ടിരുന്ന കള്ളക്കണക്കുകള്‍ പുറത്തായി. ഭാര്യയും സഹോദരനും സഹായിയും അടക്കമുള്ളവര്‍ അകത്തായി. തടവിന്റെ തിരിച്ചറിവ് കാലം കടന്നവര്‍ പുറത്തെത്തിയെങ്കിലും കുറുപ്പ് ആ ഇരുട്ടില്‍ എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. ആര്‍ഭാടത്തോടെ അത്യാഡംബരത്തോടെ ജീവിക്കണമെന്നാഗ്രഹിച്ച കുറുപ്പ് പക്ഷേ, മൂന്ന് പതിറ്റാണ്ടായി മുഖം മൂടി അണിഞ്ഞിരിക്കുന്നു.കേരളം കാണാത്ത, ഇനി ഒരിക്കലും ഒരു പക്ഷേ കാണാനാവാത്ത കുറുപ്പിന്റെ ആ കണക്ക് പുസ്തകത്തിലെ കണക്കുകള്‍ തെറ്റിയതെവിടെയാണ്…?