മണ്ണോട് അടിഞ്ഞിട്ട് പതിറ്റാണ്ടിലേറെ ആയിട്ടും മലയാളികളുടെ മനസ്സിൽ ഇപ്പോഴും ചിരിയുടെ മാലപ്പടക്കം കൊളുത്തുന്ന ഹാസ്യ സാമ്രാട്ടാണ് കുതിരവട്ടം പപ്പു. ഇന്ന് അദ്ദേഹം വിട പറഞ്ഞിട്ട് 23 വർഷം തികയുകയാണ്. ഈ അവസരത്തിൽ മകൻ ബിനു പപ്പു കുറിച്ച ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
“അച്ചാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു”, എന്നാണ് ബിനു പപ്പു കുറിച്ചത്. പിന്നാലെ നിരവധി പേർ അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവച്ച് കമന്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പദ്മദളാക്ഷൻ എന്ന അദ്ദേഹത്തിന്റെ യഥാർത്ഥ പേര് അങ്ങനെയാരും കേട്ടിട്ട് കൂടെ ഉണ്ടാവില്ല. മൂടുപടം എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം സിനിമ ലോകത്തേക്ക് കടന്നുവന്നത്. എന്നാൽ ഭാർഗവി നിലയം എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ കുതിരവട്ടം പപ്പു എന്ന കഥാപാത്രത്തിന്റെ പേര് അദ്ദേഹത്തിന്റെ സ്വന്തം പേരായി മാറുകയായിരുന്നു.
കോഴിക്കോടൻ ശൈലിയിലുള്ള പപ്പുവിന്റെ സംഭാഷണം സിനിമാ പ്രേക്ഷകർക്ക് അദ്ദേഹത്തോടുള്ള പ്രിയം വർദ്ധിപ്പിക്കാൻ സഹായകരമായി. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ അമ്മാവൻ കല്ല് മെക്കാനിക്കും, മണിച്ചിത്രത്താഴിലെ കിളിപോയ മന്ത്രവാദിയും അങ്ങനെ നമ്മെ ചിരിപ്പിച്ച എത്രയോ കഥാപാത്രങ്ങൾ.
ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം ആയിരുന്നു പപ്പു അഭിനയിച്ച അവസാനത്തെ ചിത്രം. 2000 ഫെബ്രുവരി 25 ന് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പപ്പു മരണത്തിനു കീഴടങ്ങുകയായിരുന്നു.