ആലപ്പുഴ: കൈനകരി ഇരുമ്പനം പാടശേഖരത്തിലെ മട കുത്തുന്ന ജോലി പൂർത്തിയായി. പ്രധാന മടയിൽ കട്ടയിട്ട് ഉറപ്പിക്കുന്ന ജോലികളാണ് പൂർത്തിയായത്. ഇനി പള്ളിച്ചിറകളുടെ നിർമാണം കൂടി പൂർത്തിയാക്കേണ്ടതുണ്ട്. തെങ്ങിൻ കുറ്റികൾ ഉപയോഗിച്ചു സംരക്ഷണ വേലി തീർത്ത ശേഷമാണ് ഉള്ളിൽ കട്ടയിറക്കി മട ബലപ്പെടുത്തിയത്.
4 നിരകളിലായി 50 മീറ്റർ നീളത്തിലാണു സംരക്ഷണ വേലിയൊരുക്കിയത്.മീനപ്പള്ളി വട്ടക്കായലിൽ നിന്നു 2 ബാർജുകളിൽ നിറച്ചാണ് മടയിലേക്കു കട്ട എത്തിച്ചത്. 6 ബാർജ് കട്ട എത്തിച്ചപ്പോൾ മട കുത്തുന്നതിന് ആവശ്യത്തിനു കട്ട ലഭിച്ചു. ബാർജിലെത്തിച്ച കട്ട മടയിലേക്ക് ഇറക്കുന്നതിനൊപ്പം കടകൽപുല്ലും ഈരക്കാടും ഇട്ടു ചവിട്ടു ഉറപ്പിച്ചാണു മട നിർമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നു പിള്ളച്ചിറയുടെ നിർമാണം തുടങ്ങും. 2 ദിവസത്തിനുള്ളിൽ പിള്ളച്ചിറയുടെ നിർമാണം കൂടി പൂർത്തിയാക്കി പമ്പിങ് പുനരാരംഭിക്കും. ഇന്നലെ മടകുത്തുന്ന ഭാഗത്തെ തോട്ടിലൂടെയുള്ള ജലഗതാഗതം നിയന്ത്രിച്ചാണു മടകുത്തൽ പൂർത്തിയാക്കിയത്.
കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷൻ സന്തോഷ് പട്ടണം, പഞ്ചായത്തംഗം ഡി.ലോനപ്പൻ തുടങ്ങിയവർ മടകുത്തൽ സ്ഥലത്ത് എത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
ഡിസംബർ നാലിനാണ് പുഞ്ചക്കൃഷിയുടെ ഒരുക്കത്തിനിടെ ഇരുമ്പനം പാടശേഖരത്തിൽ മട വീണത്. തുടർന്നു വെള്ളം കവിഞ്ഞ് സമീപത്തുള്ള പുത്തൻതുരം പാടശേഖരത്തിലും വെള്ളം നിറഞ്ഞു. ഇതോടെ ഇരു പാടശേഖരങ്ങളുടെയും ഉള്ളിലും പുറംബണ്ടിലുമായി താമസിക്കുന്ന ഒട്ടേറെ വീടുകളിലും തോട്ടുവാത്തല ഗവ. യുപി സ്കൂൾ, അങ്കണവാടികൾ, വായനശാല അടക്കമുള്ള സ്ഥാപനങ്ങളിലും വെള്ളം കയറി. കൈനകരി ജംക്‌ഷൻ–കൈനകരി പഞ്ചായത്ത് റോഡിൽ വെള്ളം കയറിയതുമൂലം ഇതുവഴിയുള്ള ഗതാഗതവും മുടങ്ങിയിരുന്നു. പമ്പിങ് പുനരാരംഭിച്ചാൽ മാത്രമേ പ്രദേശത്ത് ഒരുമാസത്തിലേറെയായി തുടരുന്ന വെള്ളക്കെട്ട് ദുരിതത്തിനു ശമനമുണ്ടാവൂ.