തൊടുപുഴ : രണ്ടര പതിറ്റാണ്ടിന്റെ നന്മയായ റോയി അച്ചൻ പടിയിറങ്ങുന്നു. വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അധ്യാപകനും വ്യക്തതയുള്ള ദർശനത്തോടും ദീർഘവീക്ഷണത്തോടും കൂടി കുട്ടിക്കാനം മരിയൻ കോളേജിനെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച പ്രിൻസിപ്പലുമായ ഫാ. റോയി പഴയപറമ്പിൽ ഇരുപത്തിയാറ് വർഷത്തെ സേവനത്തിനു ശേഷം ഇന്ന് ഔദ്യോഗികമായി വിരമിക്കുന്നു.
മരിയൻ കോളേജിന്റെ തുടക്കം മുതൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം ഭരണ കോളേജാക്കി മാറ്റുന്നതിൽ വരെ റോയി അച്ഛന്റെ അക്ഷീണമായ പരിശ്രമമുണ്ട്. 2020ൽ പുറത്തിറങ്ങിയ ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിലെ ഫലാദിഷ്ഠിത വിദ്യാഭ്യാസം ആ വര്ഷം തന്നെ റോയി അച്ചൻ മരിയൻ കോളേജിൽ നടപ്പിലാക്കിയത് ചരിത്രപരമായ നേട്ടമാണ്. അങ്ങനെ, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഫലാദിഷ്ഠിത വിദ്യാഭ്യാസം ആദ്യമായി നടപ്പിൽ വരുത്തുന്ന കോളേജായി മരിയൻ മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർവ്വകലാശാല, സർക്കാർ തലങ്ങളിലെ നയപരിപാടികളിലെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് സൂക്ഷ്മതയോടെ വിദ്യാഭ്യാസ മേഖലയ്ക്കാകെ നേതൃത്വം നൽകിയ ഒരു ക്രാന്തദർശിയായിരുന്നു റോയി അച്ചൻ. അടിയുറച്ച നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ള നേതാവ്, യുവജനങ്ങളുടെ വഴിതെറ്റലുകളേക്കാളുപരി സാദ്ധ്യതകളിൽ കണ്ണ് നട്ട് അവർക്ക് പുതിയ ആകാശങ്ങൾ കാണിച്ചുകൊടുക്കാൻ മുന്നിട്ടിറങ്ങിയ, കിഴക്കിന്റെ ആദ്ധ്യാത്മികതയും സഭയോടുള്ള സ്നേഹവുമൊക്കെ ഹൃദയത്തോട് ചേർത്തു സൂക്ഷിച്ച ഒരു വൈദികൻ, വെല്ലുവിളികളെ തൃണവൽഗണിച്ചുകൊണ്ട് സധൈര്യം മുമ്പോട്ടു നീങ്ങിയ ധീരനായ ഒരു പുരോഹിതൻ – റോയിയച്ചൻ എന്നറിയപ്പെടുന്ന, ഡോ. റോയി എബ്രാഹാമിനെ വിശേഷിപ്പിക്കാൻ ഇനിയുമേറെയുണ്ട്.
കാലഘട്ടം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ ദൗത്യത്തെക്കുറിച്ചും ശൈലിയെക്കുറിച്ചും വ്യക്തമായ ബോധ്യം റോയി അച്ചനുണ്ടായിരുന്നു. വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ഗവൺമെൻറ്, യുജിസി, സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും കൃത്യതയോടെ പഠിക്കാനും വിശദീകരിക്കാനും അവയിലെ സാധ്യതകൾ കണ്ടെത്താനുമുള്ള പാടവം ഇത്രയേറെ പ്രകടിപ്പിച്ച മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാണിക്കാനില്ല.
സ്വയംഭരണ കോളേജുകളുടെ കൺസോർഷ്യം ഉൾപ്പെടെ അച്ഛൻ തൻറെ നേതൃത്വപാടവം പ്രകടമാക്കിയ മേഖലകൾ നിരവധിയാണ്. ഏറെ പ്രത്യേകതകളുള്ള ഹോസ്പിറ്റാലിറ്റി പ്രോഗ്രാമിന്റെ രൂപപ്പെടുത്തൽ സർവ്വകലാശാലയിലും രാജ്യം മുഴുവനും ശ്രദ്ധിക്കപ്പെട്ടിരുന്നു. സഭയുടെ തനിമയും അവകാശങ്ങളും സംരക്ഷിക്കുന്നതിലും ജീവിക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത വൈദികനായിരിക്കുമ്പോഴും ബന്ധങ്ങളും സൗഹൃദങ്ങളും ആസ്വദിച്ചിരുന്നു റോയിയച്ചൻ. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്ത് ഇനിയും സംഭാവനകൾ നൽകാൻ റോയിയച്ചൻ ചെന്നൈ എക്സ് ഐ എം ഇ യുടെ ഡയറക്ടർ ആയാണ് സ്ഥലം മാറുന്നത്.