തിരുവനന്തപുരം : കുവൈത്തിലെ തീപിടുത്തമുണ്ടായ കെട്ടിടം പ്രവർത്തിക്കുന്നത് മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ കമ്ബനി എൻബിടിസിയുടെ കീഴില്‍. മാംഗാഫ് മേഖലയിലെ അപ്പാര്‍ട്ട്മെന്റില്‍ ബുധനാഴച്ച രാവിലെയോടെയാണ് തീപടര്‍ന്നത്. ഏകദേശം 200 ജീവനക്കാര്‍ ഈസമയം ഈ ആറു നില കെട്ടിടത്തില്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കമ്ബനിയിലെ ജോലിക്കാരായ താമസക്കാര്‍ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു തീപിടുത്തം. കൂടുതല്‍ പേരും പുക ശ്വസിച്ചുണ്ടായ ശ്വാസം മുട്ടല്‍ മൂലമാണ് മരിച്ചതെന്നും രക്ഷപ്പെടാനുള്ള വാതിലുകള്‍ തുറക്കാനായില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. സംഭവത്തില്‍ കുവൈറ്റ് അധികൃതർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും കേരളം, തമഴിനാട്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിന് ഉത്തരവാദികള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസര്‍ അബു-സ്ലെയ്ബ് വ്യക്തമാക്കി. കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 12 ആയി. ഇന്നലെയുണ്ടായ ദുരന്തത്തില്‍ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരില്‍ 40 ഇന്ത്യക്കാരാണുള്ളത്. ഇവരില്‍ 12 പേർ മലയാളികളാണ്. മരിച്ച 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസർകോട് സ്വദേശികളാണ് മരിച്ചത്. ഷമീർ, ലൂക്കോസ് സാബു, സാജൻ ജോർജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികള്‍. മുരളീധരൻ, ആകാശ് ശശിധരൻ, സജു വർഗീസ്, തോമസ് സി ഉമ്മൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്ബാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു, മലപ്പുറം തിരൂർ സ്വദേശി നൂഹ്, കാസർകോട് ചെർക്കള കുണ്ടടക്കം സ്വദേശി രജ്ഞിത് എന്നിവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.