പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് മലയാള സിനിമയ്ക്കും പരീക്ഷിക്കാവുന്ന ഒന്നാണെന്ന് തെളിയിച്ച ഒന്നായിരുന്നു സ്ഫടികം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ക്ലാസിക് ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിന്‍റെ റീ റിലീസും കാര്യമായ പ്രേക്ഷകശ്രദ്ധ നേടുകയാണ്. അതും മോഹന്‍ലാല്‍ ചിത്രമാണെന്നതാണ് കൗതുകം. സിബി മലയിലിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000ല്‍ തിയറ്ററുകളിലെത്തിയ ദേവദൂതനാണ് ആ ചിത്രം. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം എത്തുകയാണ്.
കേരളത്തിലെ 56 തിയറ്ററുകളിലാണ് ചിത്രം ഇന്നലെ തിയറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ കേരളത്തിലെ തിയറ്ററുകളുടെ എണ്ണം 100 ലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കോക്കേഴ്സ് മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്ന കാര്യമാണ് ഇത്. കേരളത്തിന് പുറത്ത് കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ ചിത്രം എത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജയപ്രദ, ജനാർദ്ദനൻ, മുരളി, വിനീത്, ജഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരന്നിരുന്നു. വിശാല്‍ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. റീ മാസ്റ്റേർഡ്, റീ എഡിറ്റഡ് പതിപ്പാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.