ബംഗളൂരു: മുഡ (മൈസുരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി) ഭൂമി അഴിമതി കേസില്‍ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്കിയ ഗവർണറുടെ നടപടിക്കെതിരെ കർണാടക ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്കിയ ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ടിന്റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു ഹർജി. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയിലെ കേസ് നടപടികള്‍ ഹൈക്കോടതി തടഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 2.30-യോടെ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിദ്ധരാമയ്യക്ക് എതിരെ പരാതിക്കാർ നല്കിയ കവീറ്റ് ഹർജിയും ഇതോടൊപ്പം പരിഗണിച്ചിരുന്നു. ഇന്ന് തന്നെ സിദ്ധരാമയ്യയെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ പരാതിക്കാർ ഹർജി നല്കി. കേസില്‍ കീഴ്ക്കോടതി നടപടികള്‍ തടഞ്ഞത് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നത് കൊണ്ടാണെന്ന് ജസ്റ്റിസ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിന്റെ മെറിറ്റിലേക്ക് കടക്കില്ലെന്നും ഗവർണർക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമോ എന്നത് മാത്രമേ പരിശോധിക്കൂവെന്നും കോടതി വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ പരിശോധന ഗവർണർ നടത്തിയോ എന്നും പരിശോധിക്കുമെന്നും കോടതി പറഞ്ഞു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഗവർണറുടെ ഉത്തരവാണ് വിവാദമായത്. കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള എൻഡിഎ ഗൂഢാലോചനയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തി. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി – ജെഡിഎസ് എംഎല്‍എമാർ വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും പ്രതിഷേധിച്ചു.