ലാൻഡർ ഹിൽ: വെസ്റ്റിൻഡീസ് ബാറ്റർമാർ കഷടപ്പെട്ടുയർത്തിയ 178 എന്ന വിജയലക്ഷ്യം ഇന്ത്യയുടെ ഓപ്പണർമാർക്ക് ഒന്ന് തൊട്ടുനോക്കാൻ മാത്രമാണ് ഉണ്ടായിരുന്നത്. വെടിക്കെട്ടടിയുമായി തകർത്തടിച്ച ഇന്ത്യൻ ഓപ്പണർമാർ ചേർന്നതോടെ വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 178 എന്ന ലക്ഷ്യം വളരെ സിംപളായി ഇന്ത്യൻ ബാറ്റിംങ് നിര മറികടന്നു.
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ മെയേഴ്സും (ഏഴു പന്തിൽ 17), ബ്രണ്ടൻ സിംങും (18) മികച്ച തുടക്കം നൽകിയെങ്കിലും രണ്ടാം ഓവറിന്റെ നാലാം പന്തിൽ തന്നെ മെയേഴ്സും, അഞ്ചാം ഓവറിൽ കിംങും പുറത്തായി. പിന്നാലെ എത്തിയ ഷായ് ഹോപ്പ് (29 പന്തിൽ 45) ഒരു വശത്ത് അടിച്ചു തകർക്കാൻ തുടങ്ങിയപ്പോഴേയ്ക്കും, നിക്കോളാസ് പൂരനും (1), റോമൻ പവലും (1), അതിവേഗം തന്നെ പുറത്തായി. കുൽദീപ് യാദവിനായിരുന്നു രണ്ടു വിക്കറ്റും. ഒരു വശത്ത് ഹിറ്റ്മെയറെ (61) കൂട്ടു പിടിച്ച് ഷായ് ഹോപ്പ് കളി ഇന്ത്യയുടെ പക്കൽ നിന്നും തട്ടിത്തെറിപ്പിക്കുന്ന കളി തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം ഷായ് ഹോപ്പിനെ പുറത്താക്കിയ ചഹൽ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. പിന്നാലെ ഷെപ്പേർഡ് (9), ജേസൺ ഹോൾഡർ (3) എന്നിവർ പുറത്തായി. ഏറ്റവും ഒടുവിൽ ഹിറ്റ്മെയർ കൂടി പുറത്തായതോടെയാണ് 178 എന്ന സ്കോറിൽ വെസ്റ്റ് ഇൻഡീസ് ബാറ്റിംങ് അവസാനിപ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അർഷദീപ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ, കുൽദീപ് നിർണ്ണായകമായ രണ്ടു വിക്കറ്റും, അക്സറും, മുകേഷ് കുമാറും, ചഹലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങിൽ ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ഓപ്പണർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ വെസ്റ്റ് ഇൻഡീസ് ബൗളർമാർക്ക് സാധിച്ചില്ല. ജയ്സ്വാൾ 51 പന്തിൽ 84 റണ്ണടിച്ച് പുറത്താകാതെ നിന്നപ്പോൾ, 47 പന്തിൽ 77 റണ്ണടിച്ച ശുഭ്മാൻ ഗിൽ ബൗണ്ടറി ലൈനിൽ ഹോപ്പിന് പിടികൊടുത്ത് പുറത്തായി. ഇതോടെ ആദ്യ രണ്ടു മത്സരങ്ങൾ പരാജയപ്പെട്ട ഇന്ത്യ തുടർച്ചയായി രണ്ട് വിജയങ്ങളോടെ പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി.