തൃശ്ശൂരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു; പിടിച്ചിട്ടത് നാല് ട്രെയിനുകൾ; മണ്ണ് മാറ്റിയതിനു ശേഷം ഗതാഗതം പുനസ്ഥാപിച്ചു

പുതുക്കാട്: തൃശൂരില്‍ കനത്ത മഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഒല്ലൂരിനും പുതുക്കാടിനുമിടയില്‍ ഇന്ന് രാവിലെ 10.30നാണ് സംഭവം. നാല് ട്രെയിനുകള്‍ പിടിച്ചിട്ടെങ്കിലും മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. എറവക്കാട് ഗേറ്റ് കടന്നശേഷം ഒല്ലൂർ സ്റ്റേഷനു മുമ്ബായിട്ടാണ് ട്രാക്കിലേക്ക് ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞു വീണത്. ഇതോടെ തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ്, എറണാകുളം – ബംഗളൂരു ഇന്‍റർസിറ്റി, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ്, തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് എന്നീ വണ്ടികള്‍ പുതുക്കാട് സ്റ്റേഷനില്‍ നിർത്തിയിട്ടു. 10.45 ഓടെ പാളത്തില്‍ നിന്നും മണ്ണ് മാറ്റി ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു.

Advertisements

ഇതിനിടെ കനത്ത മഴയില്‍ ചാലക്കുടി റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. അടിപ്പാതയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പുഴയിലേക്ക് പോകാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്. അടിപ്പാതയില്‍ നിന്നും വെള്ളം ഒഴുകി പോകാനായി പുഴയിലേക്കിട്ടിരിക്കുന്ന പൈപ്പ് അടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്. മഴ കനത്തെങ്കിലും പുഴയില്‍ ജലവിതാനം കാര്യമായി ഉയര്‍ന്നിട്ടില്ല. രാവിലെ പെയ്ത ശക്തമായ മഴയില്‍ തൃശ്ശൂർ നഗരം വീണ്ടും വെള്ളക്കെട്ടിലായി. രാവിലെ തുടങ്ങിയ മഴ ജനജീവിതത്തെയും വ്യാപാര മേഖലയേയും സാരമായി ബാധിച്ചു. രാവിലെ തുടങ്ങിയ മഴയ്ക്ക് ഉച്ചയ്ക്ക് പതിനൊന്നോടെ അല്‍പ്പം ശമനമായെങ്കിലും വെള്ളം ഒഴുകിപ്പോകാനാകാതെ കച്ചവടസ്ഥാപനങ്ങളിലടക്കം തളം കെട്ടിക്കിടക്കുകയാണ്. പെരുമഴയെത്തിയതോടെ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു, പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്.

Hot Topics

Related Articles