ഇടുക്കി : മുള്ളരിങ്ങാട് അമയല്‍ത്തൊട്ടിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു. പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പെടെയുള്ളവർ കടുത്ത അതൃപ്തി രേഖപ്പെടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടത് സങ്കടകരമാണെന്നും വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും കാഴ്ച്ചക്കാരെ പോലെ നോക്കി നില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. വന്യജീവി അതിക്രമം തടയാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയാറാകാത്ത വനം വകുപ്പ് ഈ ചെറുപ്പക്കാരന്റെ മരണത്തിന് മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാട്ടാന ആക്രമണവും അതേത്തുടര്‍ന്നുള്ള മരണവും സംസ്ഥാനത്ത് സ്ഥിരം സംഭവമായിരിക്കുകയാണെന്നും ഇത്രയും ഗുരുതര സ്ഥിതി സംസ്ഥാനത്തുണ്ടായിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ നഷ്ടമാകുമ്പോള്‍ മാത്രമാണ് വനം വകുപ്പും വകുപ്പ് മന്ത്രിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.