കൊച്ചി: പ്രഖ്യാപനം മുതൽ ആരാധകർ വളരെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന സിനിമയാണ് തുറമുഖം. നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന തുറമുഖം എന്ന സിനിമയ്ക്ക് ഏറ്റ തിരിച്ചടിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ഈ വലിയ സിനിമയ്ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളോർത്ത് ആരാധകരും അൽപ്പം നിരാശയിലാണ്. സിനിമയുടെ റിലീസ് തീയതി മാറ്റി വെച്ച വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
തുറമുഖം സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ജൂൺ മൂന്നിന് പ്രഖ്യാപിച്ചിരുന്ന റിലീസ് പത്താം തീയതിയിലേക്ക് മാറ്റിയ വിവരമാണ് സിനിമുടെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാലാണ് സിനിമയുടെ റിലീസ് മാറ്റി വെയ്ക്കേണ്ടി വന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് അടക്കമുള്ള സിനിമയിലെ അഭിനേതാക്കൾ ഇത് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് തങ്ങളുടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കോവിഡും സാമ്പത്തിക കുടുക്കുകളും തീയറ്റർ അടച്ചിടലും ചലച്ചിത്ര വ്യവസായത്തിൽ വന്ന മാറ്റങ്ങളും ഒക്കെ കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ പലതവണ ഉണ്ടായ ഈ മാറ്റിവെയ്ക്കലുകൾ, സഹൃദയരായ ആസ്വാദകരെയും തീയേറ്റർ പ്രവർത്തകരെയും അണിയറയിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ടെന്നാണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. എങ്കിലും വർഷങ്ങളുടെ പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നിൽ തിരശ്ശീലയിൽ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂവെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ജൂൺ പത്തിന് വെള്ളിത്തിരയിൽ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാകുമെന്നും അതിനു ഞങ്ങൾ സജ്ജരും പ്രതിജ്ഞാബദ്ധരുമാണെന്നും ഇവർ അറിയിച്ചു. ചരിത്ര സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മട്ടാഞ്ചേരി മൊയ്ദു എന്ന കഥാപാത്രമായി എത്തുന്ന നിവിന് പുറമെ, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ, സുദേവ് നായർ, സെന്തിൽ കൃഷ്ണ എന്നിവരടങ്ങിയ വലിയൊരു താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്.