ജയ്പൂര്‍: ഐപിഎല്‍ ടീം രാജസ്ഥാന് റോയല്‍സിന്റെ നായകനും മലയാളി താരവുമായ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കഴിഞ്ഞ ദിവസം ജയ്പൂര്‍ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ നടന്ന ഹോം മത്സരത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് റോയല്‍സ് നായകന് പിഴ ചുമത്തിയിരിക്കുന്നത്.
മഴ കാരണം വൈകി ആരംഭിച്ച മത്സരത്തില്‍ ഇടയ്ക്ക് വീണ്ടും മഴ എത്തിയതിനെ തുടര്‍ന്ന് അല്‍പ്പനേരം കളി തടസ്സപ്പെട്ടിരുന്നു. അതേസമയം ആകെ 20 ഓവറുകളുള്ളതില് പത്ത് ഓവറുകള്‍ സ്പിന്നര്‍മാര്‍ എറിഞ്ഞിട്ടും ഓവര്‍ നിരക്ക് കുറഞ്ഞതില്‍ നായകനെതിരെ കമന്റേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹല്‍, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ നാലോവര്‍ വീതവും ഇംപാക്ട് സബ് ആയി കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജ് രണ്ട് ഓവറും എറിഞ്ഞിരുന്നു. ഗുജറാത്തിനെതിരെ സീസണിലെ തന്നെ രാജസ്ഥാന്റെ ആദ്യ തോല്‍വി വഴങ്ങിയതില്‍ സഞ്ജുവിന്റെ ചില പിഴവുകള്‍ കാരണമായെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ട്രെന്റ് ബോള്‍ട്ടിനെ പോലെ ഒരു ലോകോത്തര ഫാസ്റ്റ് ബൗളര്‍ക്ക് രണ്ടോവറുകള്‍ ബാക്കിയുണ്ടായിരുന്നിട്ടും താരത്തെ സഞ്ജു ബൗള്‍ ചെയ്യിപ്പിച്ചില്ല. തകര്‍പ്പന്‍ ഫോമിലുള്ള ബോള്‍ട്ട് രണ്ടോവറില്‍ വഴങ്ങിയത് വെറും എട്ട് റണ്‍സ് മാത്രമാണ്. സ്പിന്നര്‍മാര്‍ക്ക് കണക്കിന് തല്ല് കിട്ടിയിട്ടും ബോള്‍ട്ടിനെ മടക്കി കൊണ്ടുവരാന്‍ സഞ്ജു തയ്യാറായില്ല.
അതേസമയം, ബാറ്റിംഗില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന മലയാളി താരം ഗുജറാത്തിനെതിരെയും ഹാഫ് സെഞ്ച്വറി നേടി. സീസണിലെ അഞ്ച് മത്സരങ്ങളില്‍ നിന്നുള്ള മൂന്നാമത്തെ 50+ സ്കോര്‍ ആണ് താരം കുറിച്ചത്. ടൈറ്റന്‍സിനെതിരെ 38 പന്തുകളില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്സും സഹിതം 68 റണ്‍സ് നേടിയ സഞ്ജു പുറത്താകാതെ നിന്നു.