ന്യൂസ് ഡെസ്ക് : തമിഴില്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകവിഭാഗം ആരാധകര്‍ തന്നെയുണ്ട്. എല്‍.സി.യു എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ചിത്രങ്ങളുടെ ഓരോ അപ്ഡേറ്റുകള്‍ക്കും വൻസ്വീകാര്യതയാണ് ലഭിക്കാറ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സുമായി ബന്ധപ്പെട്ട് ഒട്ടും പ്രതീക്ഷിക്കാതെ ഒരു വിവരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
തന്റെ പുതിയ ചിത്രമായ ക്വീൻ എലിസബത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ നടൻ നരേനാണ് എല്‍.സി.യുവില്‍ വരാനിരിക്കുന്ന ഒരു ചിത്രത്തേക്കുറിച്ച് പറഞ്ഞത്. കൈതി 2 -വുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവേയാണ് നരേൻ എല്‍.സി.യുവുമായി ബന്ധപ്പെട്ട കാര്യം വെളിപ്പെടുത്തിയത്. ലോകേഷ് കനകരാജും താനും ചേര്‍ന്ന് പത്ത് മിനിട്ടുള്ള ഒരു ഹ്രസ്വചിത്രം ചെയ്തെന്നും ഇതിന് എല്‍.സി.യുവുമായി ബന്ധമുണ്ടെന്നുമാണ് നരേൻ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉറപ്പായിട്ടും കൈതിയുടെ രണ്ടാം ഭാഗം ഉണ്ടാകും. എല്‍സിയുവില്‍ അടുത്തതായി അതാണ് വരുന്നത്. അതിനിടയില്‍ ഒരു സംഭവം ഉണ്ട്, അത് പുറത്തു പറഞ്ഞിട്ടില്ല. ഞാൻ ഒരു ഷോര്‍ട് ഫിലിം ചെയ്തു. ലോകേഷും ഞാനും കൂടി ചേര്‍ന്നാണത് ചെയ്തിരിക്കുന്നത്. ഒരു 10 മിനിറ്റ് ഷോര്‍ട്ട് ഫിലിം ആണ്. അതിന് എല്‍.സി.യുവുമായി ബന്ധമുണ്ട്. അതാണ് എല്‍.സി.യുവിന്റെ തുടക്കം. അതിപ്പോള്‍ അധികം താമസിയാതെ വരും.’ നരേന്റെ വാക്കുകള്‍. കൈതി, വിക്രം, ലിയോ എന്നീ ചിത്രങ്ങളാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില് ഇതുവരെ വന്ന ചിത്രങ്ങള്‍. ഇതില്‍ കൈതി എന്ന ചിത്രത്തില്‍ അവതരിപ്പിച്ച ഇൻസ്പെക്ടര്‍ ബിജോയ് എന്ന കഥാപാത്രമായാണ് വിക്രമില്‍ നരേൻ എത്തിയത്. കൈതിയുടെ രണ്ടാം ഭാഗമായിരിക്കും എല്‍.സി.യുവിന്റെ ഭാഗമായി ഇനി വരാനുള്ളത്.