കൽപ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ബാധിതർക്കുള്ള പുനരധിവാസം വൈകുന്നത് ചർച്ചയാക്കാൻ യുഡിഎഫ്. ഇനിയും മന്ദഗതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ പ്രതിപക്ഷം സർക്കാറിനോടുള്ള സഹകരണ നിലപാട് മറ്റുമെന്ന് വിഡി സതീശൻ പറഞ്ഞു. ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്വെൻഷൻ ഒറ്റ ദിവസംകൊണ്ട് പൂർത്തിയാക്കി. സംസ്ഥാന സർക്കാറിനുള്ള താക്കീതായി ഉപതെരഞ്ഞെടുപ്പ് ഫലം മാറുമെന്നാണ് പ്രതിപക്ഷം പറയുന്നത്.
മൂന്നിടങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും കാലിയായ ഖജനാവും കൊണ്ട് നടക്കുന്ന മുഖ്യമന്ത്രിയുടെ കയ്യില്‍ ആകെയുള്ളത് അഹങ്കാരം മാത്രമാണെന്നും കല്‍പ്പറ്റയിലെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വടക്കേ ഇന്ത്യയില്‍ സംഘപരിവാറിനെതിരെ മത്സരിക്കാൻ കഴിയാത്തവരാണ് വയനാട്ടില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതെന്ന് ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി പരിഹസിച്ചു. ഇന്ത്യ സഖ്യത്തില്‍ ആയതിനാല്‍ എല്‍ഡിഎഫ് മാറിനില്‍ക്കണമെന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്നും അദ്ദേഹം വയനാട്ടില്‍ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയനാട്ടില്‍ യുഡിഎഫിന്റെ കോട്ടയില്‍ ആരെങ്കിലും ജയിക്കാമെന്ന് കരുതിയാല്‍ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്ന് ബത്തേരിയിലെ കണ്‍വെൻഷനില്‍ കെപിസിസി പ്രസിഡണ്ട് പറഞ്ഞു. നിലമ്പൂർ, വണ്ടൂർ, തിരുവമ്പാടി മണ്ഡലങ്ങളിലും മുൻനിര നേതാക്കള്‍ തന്നെ കണ്വെൻഷന് എത്തി. മാനന്തവാടിയില്‍ ഇടി മുഹമ്മദ് ബഷീർ ഉദ്ഘാടകനായി. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 23ന് ഉച്ചയ്ക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം എത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.