ശബരിമല മണ്ഡലകാലം തുടങ്ങിയശേഷം
ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനകളിൽ 181 കേസുകളിലായി പിഴ ഈടാക്കിയത് 10,87,000 രൂപ. ഡിസംബർ 17 വരെയുള്ള കണക്കാണിത്. ക്രമക്കേടുകളിൽ കൂടുതലും തൂക്കത്തിൽ കുറച്ച് സാധനങ്ങൾ വിൽക്കുക, നിശ്ചയിച്ച വിലയിൽ അധികം ഈടാക്കുക, വിരി വെക്കാനും പായയും തലയിണയും വാടകയായി നൽകാനും നിശ്ചയിച്ച നിരക്കിൽ അധികം ഈടാക്കുക എന്നിവയാണ്.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ഔട്ടർ പമ്പ എന്നീ നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളായി നടത്തിയ പരിശോധനകളിലാണ് ക്രമക്കേട് കണ്ടെത്തി പിഴ ഈടാക്കിയത്.
സന്നിധാനത്ത് 91 കേസുകളിലായി 5,76,000 രൂപയും പമ്പയിൽ 53 കേസുകളിലായി 2,70,000 രൂപയും നിലയ്ക്കലിൽ 32 കേസുകളിലായി 2,22,000 രൂപയും ഔട്ടർ പമ്പയിൽ അഞ്ച് കേസുകളിൽ 19,000 രൂപയുമാണ് പിഴ ഈടാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെയും വൈകിട്ടും രാത്രിയിലുമാണ് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി സ്ക്വാഡ്ക ടകളിലും ഹോട്ടലുകളിലും വിരികളിലും സ്റ്റാളുകളിലും മറ്റുമായി പരിശോധന നടത്തുന്നത്. സന്നിധാനത്തും പരിസരത്തുമായി മാത്രം 85 കടകൾ ഉണ്ട്. ചായ ഒരു കപ്പിൽ 150 മില്ലി ലിറ്റർ ഉണ്ടായിരിക്കണമെന്ന നിബന്ധന പല കടകളിലും പാലിക്കപ്പെടുന്നില്ല. വിരി വെക്കാനുള്ള സ്ഥലത്തിന് 24 മണിക്കൂറിന് 30 രൂപയാണ് വാടക. ഇതേ സമയത്തേക്ക് പായയ്ക്ക് 10 രൂപയും തലയിണയ്ക്ക് 20 രൂപയുമാണ് വാടക നിരക്ക്. മൊബൈൽ ചാർജ് ചെയ്യാൻ ഒരു മണിക്കൂറിന് 20 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ, പല സ്ഥലങ്ങളിലും അധിക നിരക്ക് വാങ്ങുന്നു. വിലവിവര പട്ടികയിലെ നിരക്കിനേക്കാൾ കൂടുതൽ തുക തീർത്ഥാടകരിൽ നിന്ന് ഈടാക്കിയതിനും കേസ് എടുത്തിട്ടുണ്ട്. ഏഴ് പേർ അടങ്ങിയ ഓരോ സ്ക്വാഡിലും ലീഗൽ മെട്രോളജി വകുപ്പിന്റെ രണ്ട് ജീവനക്കാർ ആണുള്ളത്-ഇൻസ്പെക്ടറും ഇൻസ്പെക്ടിങ് അസിസ്റ്റന്റും. ബാക്കി ജീവനക്കാർ റവന്യൂ വിഭാഗത്തിൽ നിന്നാണ്. അതേസമയം, വിലവിവരപ്പട്ടിക ഏതാണ്ട് എല്ലാ കടകളിലും സ്റ്റാളുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.