തിരുവനന്തപുരം :ശരവണ സ്റ്റോഴ്സ് ഉടമ ശരവണന്റെ സിനിമാ അരങ്ങേറ്റമായ ദ് ലെജന്‍ഡ് ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്.റിലീസിനു മുന്‍പ് നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവുമൊക്കെ നേടിയെങ്കിലും ആദ്യ ദിവസം ചിത്രം കാണാന്‍ വലിയൊരു വിഭാഗം പ്രേക്ഷകര്‍ എത്തി. തമിഴ്നാടിനു പുറത്ത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ശ്രീലങ്ക, യുഎഇ, ജിസിസി, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം ഒരുമിച്ചാണ് ഇന്നലെ ചിത്രം എത്തിയത്. ദ് ലെജന്‍ഡ് ന്യൂ ശരവണ സ്റ്റോഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരവണന് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. വലിയ നേട്ടമൊന്നും സ്വന്തമാക്കിയില്ലെങ്കിലും വന്‍ പ്രതീക്ഷയുണര്‍ത്തി സമീപകാലത്ത് തിയറ്ററുകളിലെത്തിയ ചില ബോളിവുഡ് ചിത്രങ്ങളേക്കാള്‍ മേലെയാണ് ലെജന്‍ഡ് നേടിയിരിക്കുന്നത് എന്നതാണ് കൌതുകം.കങ്കണ നായികയായ ആക്ഷന്‍ ചിത്രം ധാക്കഡ് (Dhaakad), മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിഥാലി രാജിന്റെ ജീവിതം പറഞ്ഞ സബാഷ് മിഥു എന്നീ ബോളിവുഡ് ചിത്രങ്ങളുടെ ആദ്യദിന കളക്ഷനെയാണ് ലെജന്‍ഡ് മറികടന്നത്. 2 കോടിയാണ് ലെജന്‍ഡിന്റെ ആദ്യദിന ഗ്രോസ് കളക്ഷനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ധാക്കഡിന്റെ ആദ്യദിന കളക്ഷന്‍ 40-50 ലക്ഷവും സബാഷ് മിഥുവിന്റെ ആദ്യദിന കളക്ഷന്‍ 40 ലക്ഷവും ആയിരുന്നു. ധാക്കഡിന്റെ ലൈഫ് ടൈം കളക്ഷനെ ലെജന്‍ഡ് ഉടന്‍ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2.85 കോടി മാത്രമാണ് കങ്കണ ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് നേടാനായത്. അതേസമയം 40-50 കോടിയാണ് ലെജന്‍ഡിന്റെ മുടക്കുമുതലെന്നാണ് റിപ്പോര്‍ട്ടുകള്‍.