ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ലോകേഷ് ചിത്രം ലിയോയുടെ കശ്മീർ ഷെഡ്യൂൾ പൂർത്തിയായി. ഈ അവസരത്തിൽ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പരിചയപ്പെടുത്തി നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ.
കശ്മീരിലെ കൊടും തണുപ്പിലായിരുന്നു ചിത്രീകരണമെന്നും വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയതെന്നും അവർ പറയുന്നു. വൈകുന്നേരമായാൽ മൂക്കിൽ നിന്ന് ചോര വരുമെന്നും , സൂചി കൈകൊണ്ട് എടുക്കാൻ പോലും പറ്റാത്ത അത്രയും തണുപ്പായിരുന്നെന്നും അണിയറക്കാർ പറഞ്ഞു. ഭാഷയുടെ പ്രശ്നം നേരിട്ടിരുന്നെന്ന് പറഞ്ഞവരുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രീകരണ ദൃശ്യങ്ങൾക്കൊപ്പം അണിയറയിൽ പ്രവർത്തിച്ച ചെറുതും വലുതുമായ ആളുകളെ വീഡിയോയിൽ കാണിക്കുന്നുണ്ട്. കൊടുംതണുപ്പിൽ ജോലി ചെയ്യുന്നവരെ തദ്ദേശീയരായവർ അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്.
അണിയറപ്രവർത്തകരുമായും പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥരുമായും നായകനായ വിജയ് സംവദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 500 പേർ മൈനസ് പന്ത്രണ്ട് ഡിഗ്രിയിലാണ് കശ്മീരിൽ ചിത്രീകരണത്തിനുണ്ടായിരുന്നതെന്ന് ചിത്രത്തിൽ പ്രധാനവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന സംവിധായകൻ മിഷ്കിൻ നേരത്തേ പറഞ്ഞിരുന്നു.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.