ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റിന്റെ കത്ത്. വിധി നടപ്പിലാക്കുന്നത് രാഷ്ട്രപതി തടയണമെന്നാണ് പ്രസിഡന്റ് അദീഷ് സി. അഗർവാലയുടെ കത്തിലെ ആവശ്യം. ഭരണഘടനാ സ്തംഭനം സൃഷ്ടിക്കുകയും പാർലമെന്റിന്റെ മഹത്വം തകർക്കുകയും ചെയ്യുന്ന വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കരുതെന്ന് കത്തില്‍ പറയുന്നു. കേസില്‍ വീണ്ടും വാദം കേട്ടാല്‍ മാത്രമേ ഇന്ത്യൻ പാർലമെന്റിനും രാഷ്ട്രീയ പാർട്ടികള്‍ക്കും കോർപ്പറേറ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കും നീതി ഉറപ്പാകുകയുള്ളൂവെന്നും അഗർവാല അഭിപ്രായപ്പെടുന്നു.
പദ്ധതിക്ക് കാരണമായ നിയമനിർമാണത്തിന്റെ ഉദ്ദേശ്യത്തെ സംശയിക്കുന്നത് വികൃത മനോനിലയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന നല്കുന്ന പദ്ധതിയായ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ കഴിഞ്ഞ ഫെബ്രുവരി 15-ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നാലെ മാർച്ച് ആറിനകം ബോണ്ട് വിവരങ്ങള്‍ എസ്.ബി.ഐ. തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്നും 13-ന് കമ്മിഷൻ അത് പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സമയം നീട്ടിചോദിച്ച എസ്.ബി.ഐയുടെ ഹർജി തള്ളിയ സുപ്രീംകോടതി, ചൊവ്വാഴ്ച പ്രവൃത്തിസമയം പൂർത്തിയാവുന്നതിന് മുമ്ബ് വിവരങ്ങള്‍ കൈമാറാൻ ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ വിവരങ്ങള്‍ കൈമാറാൻ എസ്.ബി.ഐ. നിർബന്ധിതമായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ കർഷകസമരത്തെ കുറ്റപ്പെടുത്തിയും അതില്‍ ഇടപെടാൻ ആവശ്യപ്പെട്ടും ചീഫ് ജസ്റ്റിസിന് കത്തയച്ച അഗർവാലക്കെതിരെ സംഘടനയിലെ ഭൂരിഭാഗം ഭാരവാഹികളും രംഗത്തെത്തിയിരുന്നു. 21 അംഗ നിർവാഹകസമിതിയിലെ 13 പേരാണ് അന്ന് അഗർവാലയ്ക്കെതിരെ പരസ്യമായി പ്രതികരിച്ചത്.