തൃശൂർ : കുവൈത്ത് തീപിടിത്ത ദുരന്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫ് പദ്ധതിയില്‍ വീട് നല്കാൻ ചാവക്കാട് നഗരസഭ തീരുമാനമെടുത്തു. നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭ തീരുമാനം തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുമെന്നും ചാവക്കാട് നഗരസഭ അറിയിച്ചു.
ലൈഫ് ഭവന പദ്ധതിയുടെ ഫണ്ടിന് പുറമേ സിഎസ്ആർ ഫണ്ടുകളും വീട് നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തും. വീട് നിർമ്മാണത്തിന് പത്ത് ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നതായി നഗരസഭ ചെയർപേഴ്സണ്‍ പറഞ്ഞു. അതേസമയം, കൗണ്‍സിലില്‍ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ബിനോയ് തോമസിന്റെ കുടുംബത്തില്‍ നിന്ന് നിയമാനുസൃത അപേക്ഷ സ്വീകരിക്കാതെയാണ് അടിയന്തര കൗണ്‍സില്‍ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ വിമർശനം.