തുടർച്ചയായ രണ്ടാം വിജയത്തിലൂടെ രണ്ടാം റൗണ്ടിലേയ്ക്കുള്ള പ്രവേശനം വേഗത്തിലാക്കി ഫ്രാൻസ്. രണ്ടു കളികളിൽ നിന്നും രണ്ടു വിജയവും ആറു പോയിന്റും സ്വന്തമായുള്ള ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ ആരാണെന്നറിയാൻ അടുത്ത ദിവസം നടക്കുന്ന ആസ്ട്രേലിയ ഡെൻമാർക്ക് മത്സരത്തിനായി കാത്തിരിക്കേണ്ടി വരും. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ഡെൻമാർക്കിനെ തകർത്തതോടെയാണ് ഫ്രാൻസ് രണ്ടാം റൗണ്ടിൽ കടന്നത്.
ഫ്രാൻസിനോട് തോറ്റ ആസ്ട്രേലിയ ഇന്ന് ടുണീസിയയെ തോൽപ്പിച്ചു. ഇതോടെ ആസ്ട്രേലിയയ്ക്ക് മൂന്നു പോയിന്റായി. ടുണീസിയയോട് അപ്രതീക്ഷിത സമനില വഴങ്ങിയ ഡെൻമാർക്കിന്റെ കാര്യം ഇതോടെ പരിങ്ങലിലായി. 30 ന് നടക്കുന്ന മത്സരത്തിൽ ആസ്ട്രേലിയയെ തോൽപ്പിച്ചെങ്കിൽ മാത്രമേ ഡെൻമാർക്കിന് ഇനി രണ്ടാം റൗണ്ടിലേയ്ക്കു കടക്കാനാവൂ. രണ്ടു കളികളും പരാജയപ്പെട്ട ടുണീഷ്യ പുറത്തായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൂർണമെന്റിൽ ഇതുവരെ കണ്ട ആവേശ ഫുട്ബോളിലൂടെയാണ് ഫ്രാൻസും ഡെൻമാർക്കും ഏറ്റുമുട്ടിയത്. പന്ത് ഹോൾഡ് ചെയ്ത് ഒരു നിമിഷം പോലും കളിക്കാതിരുന്ന ഇരു ടീമുകളും ആക്രമണ ഫുട്ബോളിന്റെ സുന്ദരമായ കാഴ്ച തന്നെയാണ് കെട്ടഴിച്ചത്. 61 മിനിറ്റ് വരെ ഗോൾ വീഴാതിരുന്ന മത്സരത്തിൽ 61 ആം മിനിറ്റിൽ സൂപ്പർ താരം കിലിയൻ എംബാപ്പേ തന്നെയാണ് ഫ്രാൻസിനായി അക്കൗണ്ട് തുറന്നത്. ഇതോടെ പ്രത്യാക്രമണവുമായി കളം നിറഞ്ഞ് ഡെൻമാർക്കും നിരന്നു. ഏഴു മിനിറ്റിന് ശേഷം കിടിലം ഗോളിലൂടെ ആൻേ്രഡ ക്രിസ്റ്റീൻ ഡെൻമാർക്കിനെ ഒപ്പമെത്തിച്ചു. 86 ആം മിനിറ്റിൽ ഡബിൾ തികച്ച എംബാപ്പേ ടീമിനെ വിജയതീരത്ത് എത്തിച്ചു.
അർജന്റീനയെ വീഴ്ത്തി ഖത്തറിൽ താരമായി മാറിയ സൗദിയെ പോളിഷ് ചെയ്തു പോളണ്ട്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോളണ്ട് സൗദിയെ തകർത്തത്. അർജന്റീനയ്ക്കെതിരെ പുറത്തെടുത്ത അതേ തന്ത്രം തന്നെയാണ് ഖത്തറിലെ ദോഹ എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ മത്സരിക്കാനിറങ്ങിയ സൗദി പുറത്തെടുത്തത്. ആക്രമിച്ച് കയറമ്പോഴെല്ലാം ഒന്നിച്ചാക്രമിക്കുകയും, പ്രതിരോധിക്കുമ്പോൾ കൂട്ടായി പ്രതിരോധിക്കുകയും ചെയ്ത മത്സരത്തിൽ ഏതു നിമിഷവും ഗോൾ വീഴുമെന്ന പ്രതീതി പോലും ഉണ്ടായി.
കളിയുടെ 39 ആം മിനിറ്റിൽ പയോറ്റർ സിലെൻസ്കിയുടെ ഗോളിലൂടെ പോളണ്ട് മുന്നിലെത്തി. പിന്നാലെ രണ്ടാം പകുതിയിൽ അർജന്റീനയ്ക്കെതിരെ കളിച്ച സമാന ടോട്ടൽ അറ്റാക്ക് ഫുട്ബോൾ തന്നെയാണ് സൗദിപുറത്തെടുത്തത്. എന്നാൽ, കാൽക്കൊണ്ടും കായിക ശേഷികൊണ്ടും കളിച്ച പോളണ്ട് കൃത്യമായി സൗദിയം പൂട്ടിയിട്ടു. രണ്ടാം ഗോൾ നേടാൻ സൗദി ആർത്തിരമ്പിയെത്തിയപ്പോഴേയ്ക്കും പോളണ്ട് 82 ആം മിനിറ്റിൽ റോട്ടർട്ട് ലവൻഡോസ്കിയിലൂടെ ഗോൾ മടക്കിയിരുന്നു.