വാഷിങ്ടണ്‍: കോപാ അമേരിക്കക്ക് അഞ്ചു ദിവസങ്ങള്‍ക്കപ്പുറം കിക്കോഫ് വിസില്‍ മുഴങ്ങാനിരിക്കേ വിശ്വരൂപം കാട്ടി ലയണല്‍ മെസ്സി. രണ്ടു ഗോളും ഒരു അസിസ്റ്റുമായി വാഷിങ്ടണിലെ മേരിലാൻഡ് കമാൻഡേഴ്സ് ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നായകൻ പട നയിച്ചപ്പോള്‍ ഗ്വാട്ടിമാലക്കെതിരായ സന്നാഹ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ അർജന്റീന ജയിച്ചുകയറിയത് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്. സെല്‍ഫ് ഗോളില്‍ നാലാം മിനിറ്റില്‍ അപ്രതീക്ഷിതമായി പിന്നിലായ അർജന്റീനയെ ഇരട്ടഗോളുകള്‍ നേടിയ മെസ്സിയും ലൗതാറോ മാർട്ടിനെസുമാണ് പകിട്ടിനൊത്ത ജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
അർജന്റീനയെ ഞെട്ടിച്ച് ‘അർജന്റീന’ തന്നെയാണ് കളിയില്‍ ആദ്യം വലയിലേക്ക് പന്തു പായിച്ചത്. മത്സരത്തില്‍ ആദ്യമായി അർജന്റീനൻ ഗോള്‍മുഖത്തേക്ക് പന്തുമായി കയറിയെത്തിയ ഗ്വാട്ടിമാലക്ക് നാലാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. ഗോള്‍മുഖത്തേക്ക് വളഞ്ഞിറങ്ങിയ പന്തിനെ ഗോളി എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റിയപ്പോള്‍ പന്ത് സഹതാരം ലിസാൻഡ്രോ മാർട്ടിനെസിന്റെ ദേഹത്തുതട്ടി സ്വന്തം വലയിലേക്ക് വഴിമാറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപ്രതീക്ഷിത ഷോക്കില്‍ ഞെട്ടിയ അർജന്റീന ഗോള്‍ തിരിച്ചടിക്കാനുറച്ചിറങ്ങിയപ്പോള്‍ ഗ്വാട്ടിമാല താരങ്ങള്‍ പൂർണമായും തങ്ങളുടെ ഹാഫില്‍ തമ്ബടിച്ചു. പരിക്കുമാറി ആദ്യ ഇലവനില്‍ വീണ്ടും ബൂട്ടുകെട്ടിയിറങ്ങിയ മെസ്സിയെ കൂട്ടായ പരിശ്രമത്തില്‍ ഗ്വാട്ടിമാല കെട്ടിപ്പൂട്ടി നിർത്തിയതോടെ ഉറച്ച ഗോളവസരങ്ങളും കുറഞ്ഞു. പന്തിന്മേല്‍ വ്യക്തമായ ആധിപത്യം കാട്ടിയിട്ടും പഴുതുകള്‍ കണ്ടെത്തുന്നതില്‍ അർജന്റീനക്ക് തുടക്കത്തില്‍ മികവു കാട്ടാനായില്ല. മധ്യനിരയില്‍ റോഡ്രിഗോ ഡി പോളിന്റെയും എയ്ഞ്ചല്‍ ഡി മരിയയുടെയും അഭാവം ആദ്യപകുതിയില്‍ പലപ്പോഴും പ്രകടമായിരുന്നു.
ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങളില്‍ അർജന്റീനയുടെ ‘രക്ഷകനാ’യി ഗ്വാട്ടിമാല ഗോളി നിക്കോളാസ് ഹാഗനെത്തി. 12-ാം മിനിറ്റില്‍ പന്ത് ക്ലിയർ ചെയ്യാനുള്ള ഹാഗന്റെ ശ്രമം പാളിയപ്പോള്‍ കിട്ടിയത് മെസ്സിക്ക്. ഒഴിഞ്ഞ പോസ്റ്റിലേക്ക് വിഖ്യാത താരത്തിന്റെ ഷോട്ട് പാഞ്ഞുകയറുമ്ബോള്‍ ഹാഗനത് പഴുതൊന്നും നല്‍കിയില്ല. പിന്നീടും കുറേസമയം ഗ്വാട്ടിമാല പിടിച്ചുനിന്നു. പക്ഷേ, 39-ാം മിനിറ്റിലെ പെനാല്‍റ്റി കിക്കില്‍നിന്ന് ആ ചെറുത്തുനില്‍പ് അവസാനിച്ചു. യുവതാരം വാലെന്റിൻ കാർബോണിയെ ഗ്വാട്ടിമാല ഡിഫൻഡർ സമായോ വീഴ്ത്തിയതിന് ലഭിച്ച കിക്ക് എടുക്കാൻ മാർട്ടിനെസിന് അവസരം നല്‍കുകയായിരുന്നു മെസ്സി. കിക്കെടുത്ത ഇന്റർ മിലാൻ താരം പന്ത് പോസ്റ്റിനോടുചേർന്ന് വലയിലേക്ക് അടിച്ചുകയറ്റി. അതോടെ ലൗതാറോയുടെ ആത്മവിശ്വാസവുമുയർന്നു.
ഇടവേളക്ക് പിരിയാനിരിക്കേ മെസ്സിക്കും ഗോളിനുമിടയില്‍ പോസ്റ്റ് വിലങ്ങുതടിയായി. നിലംപറ്റെ തൊടുത്ത തകർപ്പൻ ഫ്രീകിക്ക് പോസ്റ്റിനിടിച്ച് വഴിമാറിയപ്പോള്‍ അതിനെ തുടർന്നുള്ള നീക്കത്തില്‍ ലൗതാറോയുടെ ബൈസിക്കിള്‍ കിക്ക് ക്രോസ് ബാറിനിടിച്ചാണ് ഗതിമാറിയത്. നിലത്തുവീണ പന്തിനെ ലിസാൻഡ്രോ വലയിലേക്ക് തള്ളിയെങ്കിലും റഫറി ഫൗള്‍കിക്കിന് വിസിലൂതിയതോടെ ഗോളെണ്ണം ഉയർന്നില്ല.
രണ്ടാം പകുതിയിലും അർജന്റീന ആധിപത്യം തുടർന്നു. കളി ഒരു മണിക്കൂറാകവേ എയ്ഞ്ചല്‍ ഡി മരിയയെയും ഡി പോളിനെയും സ്കലോണി മൈതാനത്തിറക്കി. അതോടെ അർജന്റീന തനിസ്വരൂപം പുറത്തെടുത്തു. ഇടതടവില്ലാതെയായി ആക്രമണങ്ങള്‍. ആറു മിനിറ്റിനുശേഷം ലീഡുമുയർന്നു. കൂട്ടായ നീക്കത്തില്‍നിന്ന് ബോക്സിലേക്കുനീണ്ട മുന്നേറ്റത്തില്‍ ഗോളി മാത്രം നില്‍ക്കെ മെസ്സിക്ക് വേണമെങ്കില്‍ ഷോട്ടുതിർക്കാമായിരുന്നു. എന്നാല്‍, ക്യാപ്റ്റൻ നല്‍കിയ പാസില്‍ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്തു തട്ടിയിടേണ്ട ജോലിയേ മാർട്ടിനെസിന് ഉണ്ടായിരുന്നുള്ളൂ. രണ്ടു മിനിറ്റിനുശേഷം ഡീ പോള്‍ വീണ്ടും ഗ്വാട്ടിമാല വലയില്‍ പന്തടിച്ചു കയറ്റിയെങ്കിലും ലൈൻസ്‍വുമണിന്റെ ഓഫ്സൈഡ് ഫ്ലാഗില്‍ ആ ആഹ്ലാദമടങ്ങി.
പിന്നീടും അർജന്റീനയുടെ സമഗ്രാധിപത്യമായിരുന്നു. ഗ്വാട്ടിമാല പൂർണമായും ഡിഫൻസിലൊതുങ്ങി. മെസ്സിയുടെയും ഡി പോളിന്റെയും ഗോളെന്നുറച്ച നീക്കങ്ങള്‍ക്ക് അവസാന നിമിഷം മനസ്സാന്നിധ്യത്തോടെ മുനയൊടിച്ചാണ് ഗോളി ഹാഗെൻ രണ്ടുതവണ ഗ്വാട്ടിമാലയുടെ രക്ഷക്കെത്തിയത്. എന്നാല്‍, അർജന്റീന കുപ്പായത്തില്‍ ചരിത്രങ്ങളേറെ രചിച്ച മെസ്സി-ഡി മരിയ കൂട്ടുകെട്ടിന്റെ അതുല്യമായ ഒത്തിണക്കത്തിന്റെ സാക്ഷ്യം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 77-ാം മിനിറ്റില്‍ ഇരുവരും ചേർന്നുള്ള നീക്കത്തിനൊടുവില്‍ സെന്റർ ഡിഫൻസിനിടയിലൂടെ തന്റെ പന്തടക്കം കൊണ്ട് ഡി മരിയ നല്‍കിയ അവിശ്വസനീയ പാസ്. ഉടനടി മുന്നോട്ടുകയറിയ മെസ്സി പന്തെടുത്ത് ഒന്നാന്തരം പ്ളേസിങ്ങിലൂടെ ഹാഗെനെ കീഴ്പെടുത്തി.മത്സരത്തില്‍ ലോക ചാമ്ബ്യന്മാർ 19 ഷോട്ടുകള്‍ ഗ്വാട്ടിമാലയുടെ വല ലക്ഷ്യമിട്ട് പായിച്ചപ്പോള്‍ തിരിച്ചെത്തിയത് നാലെണ്ണം മാത്രം. ഇതില്‍ പത്തെണ്ണം ടാർജറ്റിലേക്കായിരുന്നു. ഗ്വാട്ടിമാലക്ക് ഒരു തവണ പോലും അർജന്റീന വലയുടെ നേരെ ഷോട്ട് പായിക്കാനായില്ല. 73 ശതമാനം സമയവും പന്തിന്റെ നിയന്ത്രണം കാലിലെടുത്ത അർജന്റീന കോപ്പക്ക് സജ്ജരാണെന്ന സന്ദേശം നല്‍കിയാണ് കളം വിട്ടത്.