തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യവിലയില്‍ വർദ്ധനവ്. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വർദ്ധിക്കും. മദ്യ നിർമ്മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. വിവിധ ബ്രാന്റുകള്‍ക്ക് പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വില വർദ്ധിക്കുന്നത്. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യവില വർദ്ധിക്കുന്നത്.
സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തില്‍ മദ്യത്തിന്റെ വില വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കമ്പനികള്‍ മുന്നോട്ടുവന്നിരുന്നു. ശരാശരി പത്ത് ശതമാനം വരെയാണ് വർദ്ധന. 62 കമ്പനികള്‍ പുറത്തിറക്കുന്ന 341 ബ്രാൻഡുകളുടെ വിലയാണ് വർദ്ധിപ്പിക്കുന്നത്. ഇതോടൊപ്പം 45 കമ്പനികളുടെ 107 ബ്രാൻഡുകളുടെ വില കുറയും. ബെവ്‌കോയുടെ നിയന്ത്രണത്തില്‍ ഉത്പാദിക്കുന്ന ജവാൻ റമ്മിനും വില കൂടും. പത്ത് രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 640 രൂപ നല്‍കിയ ജവാന് ഇന്ന് മുതല്‍ 650 രൂപ നല്‍കേണ്ടി വരും. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്ത് 120 കമ്പനികളാണ് മദ്യ വിതരണം ചെയ്യുന്നത്. വിവിധ ബിയറുകള്‍ക്ക് 20 രൂപ വരെ കൂട്ടിയിട്ടുണ്ട്. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയില്‍ വിറ്റിരുന്ന പ്രീമിയം ബ്രാൻഡുകള്‍ക്ക് 130 വരെ കൂട്ടിയിട്ടുണ്ട്. ഇതിനിടെ 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവർ 170 പുതിയ ബ്രാൻഡുകള്‍ ബെവ്‌കോയ്ക്ക് നല്‍കും.