തിരുവനന്തപുരം: പ്രവർത്തന മൂലധനം കണ്ടെത്താതെ പ്രതിസന്ധിയിലായ കെ ഫോണിന് വായ്പ എടുക്കാൻ അനുമതി നല്‍കി മന്ത്രിസഭാ യോഗം. സർക്കാർ ഗ്യാരണ്ടിയോടെ 25 കോടി രൂപ വായ്പയെടുക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ പണം മുടക്കും, പ്രവർത്തന മൂലധനം കെ ഫോണ്‍ കണ്ടെത്തണം. തുടങ്ങിയപ്പോള്‍ ഇതായിരുന്നു വ്യവസ്ഥ. വാണിജ്യ കണക്ഷനുകള്‍ നല്‍കിയും ഡാക്ക് കേബിള്‍ വാടകക്ക് നല്‍കിയും പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് പുറമെ നൂറ് കോടി രൂപ വായ്പ തിരിച്ചടവും കെ ഫോണിന്റെ ചുമതലയാണ്. പക്ഷെ തുടങ്ങിയതെവിടെയോ അവിടെ തന്നെ നില്‍ക്കുന്ന അഭിമാന പദ്ധതി പണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന ഘട്ടത്തിലാണ് പുതിയ സാധ്യതകള്‍ തേടുന്നത്. പ്രവര്‍ത്തനത്തിന് മൂലധനം കണ്ടെത്താന്‍ ബാങ്ക് ലോണ്‍ ലഭ്യമാക്കുക, കിഫ്ബിയില്‍ നിന്ന് ഫണ്ട് കണ്ടെത്തുക, കെ ഫോണിനെ സ്റ്റാര്‍ട്ട് അപ്പായി അംഗീകരിച്ച് വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് കണ്ടെത്തുക തുടങ്ങിയ ആലോചനകളാണ് നടന്നത്.
ഒടുവില്‍ വായ്പക്ക് ഇന്ത്യൻ ബാങ്കിനെ സമീപിച്ചു. സർക്കാർ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കാനാകില്ലെന്ന ബാങ്ക് നിലപാട് കൂടി കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. 5 വർഷ കാലാവധിയില്‍ 9.2 ശതമാനം വരെ പലിശ നിരക്കില്‍ വായ്പയെടുക്കാനുള്ള ഫയല്‍ ഐടി വകുപ്പ് മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭയ്ക്ക് മുന്നിലെത്തിച്ചത്. ഒരു മാസം കഷ്ടിച്ച് കടന്ന് പോകാൻ 15 കോടി രൂപയെങ്കിലും വരുമെന്നാണ് കെ ഫോണിന്റെ കണക്ക്. കോടികള്‍ ചെലഴിച്ചിട്ടും ആദ്യ ഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ പോലും കൊടുത്തു തീർക്കാൻ കഴിയാതെയാണ് പിന്നെയും പിന്നെയും കെ ഫോണ്‍ കടമെടുക്കുന്നതും.