തൃശൂർ: കരുവന്നൂർ വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സജീവ ചർച്ചയാക്കി കേരളത്തില്‍ നേട്ടംകൊയ്യാനുള്ള കരുനീക്കങ്ങളുമായി ബിജെപി.ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇരിങ്ങാലക്കുടയില്‍ എത്തിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ഈമാസം പതിനഞ്ചിന് വീണ്ടും കേരളസന്ദർശനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് താല്‍പ്പര്യമറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ നീക്കങ്ങള്‍ സജീവമായത്.പ്രധാനമന്ത്രിയെ കരുവന്നൂരിനടുത്തുള്ള ഇരിങ്ങാലക്കുടയില്‍ എത്തിക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ ആലത്തൂരില്‍ പ്രചാരണത്തിന് എത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. അങ്ങനെയെങ്കില്‍ കുന്നംകുളത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോഗം നടത്താനും പാർട്ടി ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി തന്നെ കരുവന്നൂർ വിഷയം ഏറ്റെടുക്കുന്നതോടെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് തൃശൂരില്‍ ഇക്കാര്യം തിരഞ്ഞെടുപ്പില്‍ സജീവ ചർച്ചയാക്കാൻ കഴിയുമെന്നാണ് പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
കരുവന്നൂർ വിഷയത്തിനൊപ്പം മാസപ്പടി, മസാലബോണ്ട് വിഷയങ്ങളിലും കേന്ദ്ര ഏജൻസികളുടെ കൂടുതല്‍ നിർണായക ഇടപെടലുകള്‍ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. സിപിഎമ്മിലെ ഏറെ പ്രമുഖരായ നേതാക്കളെ ചോദ്യംചെയ്തേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുവന്നൂർ വിഷയത്തില്‍ ആദ്യം ഇഡിയാണ് അന്വേഷണം നടത്തിയതെങ്കിലും ഇപ്പോള്‍ ആദായനികുതി വകുപ്പാണ് കടുത്ത നീക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്. ഇന്നലെ ആദായ നികുതി റിട്ടേണില്‍ കാണിച്ചില്ലെന്ന് കാട്ടി സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ 9.5 കോടിയുടെ നാല് അക്കൗണ്ടുകളാണ് അവർ മരവിച്ചിപ്പത്.വിവിധ ആവശ്യങ്ങള്‍ക്കായി ആരംഭിച്ച ഈ അക്കൗണ്ടുകളില്‍ ഒരു കോടിയുടെ സ്ഥിര നിക്ഷേപമടക്കം 10.5 കോടിയാണ് ഉണ്ടായിരുന്നത്. ഈ മാസം രണ്ടിന് ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പിൻവലിച്ചിരുന്നു. നിലവില്‍ 9.5 കോടിയാണ് അക്കൗണ്ടിലുള്ളത്.
പണത്തിന്റെ സ്രോതസ് അടക്കം വ്യക്തമാക്കാതെ, പിൻവലിച്ച ഒരു കോടി ചെലവഴിക്കരുതെന്ന് ആദായ നികുതി വകുപ്പ് നിർദ്ദേശിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി നടപടിക്ക് പിന്നാലെയുള്ള ആദായ നികുതി വകുപ്പിന്റെ നീക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.നാളെ കരുവന്നൂർ വിഷയത്തില്‍ ചോദ്യംചെയ്യലിനായി മുൻ എംപി പികെ ബിജുവിനെയും സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെയും വീണ്ടും ഇഡി വിളിപ്പിച്ചിട്ടുണ്ട്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് നീക്കം എന്നാണ് അറിയുന്നത്. നേരത്തേ വിളിച്ചുവരുത്തിയപ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് എം.എം.വർഗീസ് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ പറയുന്നത്.എന്നാല്‍ തിരഞ്ഞെടുപ്പില്‍ തങ്ങളെ ഏതുവിധേയനേയും വേട്ടയാടുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് സിപിഎം പറയുന്നത്. ഇതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നാണ് പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.