മംഗളൂരു : മംഗളൂരുവില്‍ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കർണാടക വനിതാ കമ്മീഷൻ. പരിക്കേറ്റ മൂന്ന് വിദ്യാർഥികള്‍ക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നല്‍കുമെന്ന് കർണാടക വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി അറിയിച്ചു. പെണ്‍കുട്ടികളുടെ ചികിത്സയ്ക്കായി 20 ലക്ഷം രൂപ വേറെയും അനുവദിച്ചതായി അവർ അറിയിച്ചു. പെണ്‍കുട്ടികളെ ആശുപത്രിയിലെത്തി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നാഗലക്ഷ്മി. പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയ വിദ്യാർഥികള്‍ക്ക് ഉപഹാരം നല്‍കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് എറിഞ്ഞ മലപ്പുറം നിലമ്പൂർ സ്വദേശി അബിൻ ഷിബി (23) പൊലീസ് കസ്റ്റഡിയിലാണ്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ ഇയാളുടെ മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടികള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു പെണ്‍കുട്ടിക്ക് 20 ശതമാനം പൊള്ളലേറ്റു. രണ്ടു പേർക്ക് 10 ശതമാനമാണ് പൊള്ളല്‍. പരിക്കുകള്‍ ഭേദമായ ശേഷമാകും പ്ലാസ്റ്റിക് സർജറി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ. പിയുസി സെക്കൻഡ് വിദ്യാർഥികളാണ് തിങ്കളാഴ്ച ആസിഡ് ആക്രമണത്തിന് ഇരകളായത്. പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. യൂണിഫോം ധരിച്ച് ബൈക്കില്‍ എത്തിയ അബിൻ ആക്രമിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടിയെയാണ് ലക്ഷ്യമിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച അബിനെ, പെണ്‍കുട്ടികളുടെ സഹപാഠികള്‍ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അബിനെ കസ്റ്റഡിയിലെടുത്തു.