പ്രണയഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തമിഴ് നടനിൽ നിന്ന് അനുഭവിക്കേണ്ടിവന്ന ഉപദ്രവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അഞ്ജലി നായർ. തന്റെ ആദ്യ തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ കാര്യങ്ങളാണ് താരം തുറന്നു പറഞ്ഞത്. നടന്റെ ഉപദ്രവത്തിനെ തുടർന്ന് മൂന്നു വർഷത്തോളം താൻ ചെന്നൈയിലേക്ക് പോയില്ലെന്നും ഒരു ചാനൽ പരിപാടിയിൽ അഞ്ജലി പറയുന്നു.
എൻറെ ആദ്യ തമിഴ് സിനിമയിലെ വില്ലനാണ് എന്നോട് പ്രണയാഭ്യർത്ഥ നടത്തിയത്. അന്ന് അത് വലിയ വിവാദമായിരുന്നു. ആ ചിത്രത്തിൻറെ സഹ നിർമ്മാതാവ് കൂടിയായിരുന്നു അയാൾ. അതിനാൽ തന്നെ ഷൂട്ട് ഇല്ലെങ്കിലും സെറ്റിൽ കയറി ഇറങ്ങാൻ അയാൾക്ക് അനുവാദം ഉണ്ടായിരുന്നു. എൻറെ ചേച്ചി തമിഴ്നാട്ടിലാണ് കല്ല്യാണം കഴിച്ചത്. അതിനാൽ അയാൾ പ്രണയാഭ്യർത്ഥ നടത്തിയപ്പോൾ അത് ഞാൻ സ്വീകരിക്കും എന്നാണ് അയാൾ കരുതിയത്. എന്നാൽ എനിക്ക് കേരളവും മലയാളവുമാണ് ഇഷ്ടം. അതോടെ അയാൾ ശല്യപ്പെടുത്താൻ തുടങ്ങി.- അഞ്ജലി നായർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയാൾ തന്നെ പിന്തുടരാൻ തുടങ്ങിയെന്നും ട്രെയിനിൽ നിന്നും തള്ളിയിടാൻ പോലും ശ്രമിച്ചെന്നും അഞ്ജലി പറഞ്ഞു. ഒരിക്കൽ അയാൾ എൻറെ ബാഗ് എടുത്ത് ഓടി. ബാഗ് ലഭിക്കാൻ വീട്ടിൽ വരണമെന്നും അയാൾ സിംഗപ്പൂർ പോയെന്നും അയാളുടെ അനിയത്തി പറഞ്ഞു. എന്നാൽ അത് ഒരു ട്രാപ്പായിരുന്നു. ബാഗ് നൽകാനെന്ന് പറഞ്ഞ് വിളിച്ച് ഒരു റൂമിൽ അടച്ചു. അവിടെ അയാൾ ഉണ്ടായിരുന്നു. അവൻ വടിയും കത്തിയും ഒക്കെ എടുത്ത് പേടിപ്പിച്ചു. അന്ന് അമ്മയെ വിളിച്ചാണ് രക്ഷപ്പെട്ടത്. അയാളിൽ നിന്നും രക്ഷപ്പെടാൻ ഒടുവിൽ പൊലീസ് സംരക്ഷണം വരെ തേടേണ്ടിവന്നു എന്നും അഞ്ജലി കൂട്ടിച്ചേർത്തു.
പൊലീസുകാരുടെ ഉപദേശത്തെ തുടർന്നാണ് കേരളത്തിലേക്ക് വരുന്നത്. പിന്നീട് മൂന്ന് വർഷത്തിന് ശേഷമാണ് ചെന്നൈയിലേക്ക് പോയതെന്നും അഞ്ജലി പറഞ്ഞു. തമിഴിൽ തൻറെ പേര് ഭാഗ്യാഞ്ജലി എന്നായിരുന്നുവെന്നും എന്നാൽ തനിക്ക് ഒട്ടും ഭാഗ്യമില്ലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. കാരക്റ്റർ റോളുകളിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജലി. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം സജീവമാണ്.