തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. ഇത് ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു. ശനിയാഴ്ച രാവിലെ വടക്ക് പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമര്‍ദം തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാര്‍ച്ച് 7, 8 തിയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
തെക്ക് – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.