മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ നിർമാണത്തിൽ നിന്ന് ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.
ചിത്രത്തിന്റെ നിർമാണത്തിൽ നിന്ന് പൂർണമായി ലൈക്ക പിന്മാറിയെന്നും ഇതുവരെ ചെലവാക്കിയ മുഴുവൻ തുകയും ലൈക്ക തിരികെ ചോദിച്ചെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി സംവിധായകൻ കൂടിയായ പൃഥ്വിരാജും നിർമാണ കമ്പനിയായ ലൈക്കയും രംഗത്ത് എത്തി. ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റിൽ ലൈക്ക പ്രൊഡക്ഷൻസിനെ ടാഗ് ചെയ്യുകയും ഈ പോസ്റ്റ് ലൈക്ക റീ ഷെയർ ചെയ്യുകയും ചെയ്തു. ഹൈദരാബാദിലെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് ലൊക്കേഷൻ മാറുന്നതുമായി ബന്ധപ്പെട്ട പോസ്റ്റാണ് പൃഥ്വിരാജ് പങ്കുവെച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ എമ്പുരാന്റെ ഷൂട്ടിങ് 100 ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുജറാത്തിലായിരുന്നു എമ്പുരാന്റെ ചിത്രീകരണം. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തിയ സംഘം ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ രംഗങ്ങളാണ് ഗുജറാത്തിൽ ചിത്രീകരിച്ചത്. ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ഇനി ചിത്രീകരണം ഉണ്ടാകും. ചിത്രം 2025 മാർച്ചിൽ റിലീസ് ചെയ്യാനാണ് സാധ്യത. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ 2019 മാർച്ച് 28 നായിരുന്നു റിലീസ് ചെയ്തത്. 2025 ൽ ഇതേദിവസം തന്നെ എമ്പുരാനും റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
ആദ്യ ഭാഗത്തെ താരങ്ങൾക്കൊപ്പം പുതിയ താരങ്ങളും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന് മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും എമ്പുരാൻ റിലീസിനെത്തും.