ചെന്നൈ: ഇന്ത്യ മുന്നണി കലുഷിതമായ സാഹചര്യത്തില്‍ കക്ഷി നേതാക്കളോട് ഒന്നിച്ചുനില്‍ക്കാൻ ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചുപോകുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് സ്റ്റാലിൻ നേതാക്കളോട് ആവശ്യപ്പെട്ടു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാകണം എല്ലാവരുടേയും ലക്ഷ്യമെന്നും തിരുച്ചിറപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ സ്റ്റാലിൻ പറഞ്ഞു. ബീഹാർ, ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യാ മുന്നണിയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ ആഹ്വാനം.
ബീഹാറില്‍ നിതീഷ് കുമാർ ഇന്ത്യ മുന്നണി വിട്ട് എൻ.ഡി.എയുമായി കൈകോർത്ത് സർക്കാർ രൂപീകരിക്കുമോ എന്നതില്‍ സസ്പെൻസ് തുടരുകയാണ്. ബി.ജെ.പി. പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നിലവിലെ റിപ്പോർട്ടുകള്‍. അതേസമയം ബംഗാളില്‍ ഇന്ത്യ സഖ്യവുമായി ബന്ധമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ച മമതാ ബാനർജിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടരുകയാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മമതയുമായി ഫോണില്‍ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മമതയെ സമാശ്വസിപ്പിച്ച് പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ കുറച്ചു നേരമെങ്കിലും മമത പങ്കെടുത്താല്‍ അത് വലിയ സന്തോഷമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഖ്യത്തില്‍ വിള്ളലുണ്ടാവാതിരിക്കാൻ രാഹുലും ഇടപെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. പഞ്ചാബില്‍ എ.എ.പിയും ‘ഇന്ത്യ’യുമായി ഉടക്കി നില്‍ക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ ലോക്സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞിരുന്നു.