കൊല്ലം: അയോധ്യയില്‍ പ്രതിഷ്‌ഠിച്ചത് വിശ്വാസികളുടെ ശ്രീരാമനെയല്ല, ബി.ജെ.പിയുടെ രാമനെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ആർ.ടി.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാണപ്രതിഷ്‌ഠയുടെ പേരില്‍ നടന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പി ദേശീയ കണ്‍വെൻഷനാണ്. രാമനെ ഉയർത്തിപ്പിടിച്ച് പാവപ്പെട്ട വിശ്വാസികളുടെ വോട്ട് തട്ടിയെടുക്കുകയാണ് ബി.ജെ.പി ലക്ഷ്യം.
ബി.ജെ.പി ഇന്ത്യയെ പട്ടിണി റിപ്പബ്ലിക്കായി മാറ്റി. ഇതിനെല്ലാം മറയിടാനാണ് വിശ്വാസികളില്‍നിന്ന് രാമനെ തട്ടിപ്പറിച്ച് മോദിയും കൂട്ടരും രംഗത്തുവന്നിട്ടുള്ളത്. കേന്ദ്ര സർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. വർഗീയതക്ക് ചൂട്ടുപിടിക്കാൻ മലയാളികളെ കിട്ടാത്തതിനാല്‍ മോദിസർക്കാറിന് കേരളത്തോട് തീർത്താല്‍തീരാത്ത പകയാണെന്നും എം. സ്വരാജ് പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. സുനിത അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. വിനോദൻ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എക്‌സ്. ഏണസ്‌റ്റ്, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അരുണ്‍കുമാർ, എല്‍ദോ പി. ജോണ്‍ തുടങ്ങിയവർ സംസാരിച്ചു.