കൊച്ചി : മലയാള സിനിമയില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ തന്റേത് ഇടം കണ്ടെത്തിയ നായികമാരില്‍ ഒരാളാണ് ദർശന രാജേന്ദ്രൻ. വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമേ ചെയ്‌തിട്ടുള്ളൂ എങ്കിലും പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഇപ്പോള്‍. ഇപ്പോഴിതാ ദർശനയുടെ അമ്മ നീരജ രാജേന്ദ്രനും സിനിമയില്‍ തന്റെ കഴിവ് തെളിയിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനായ ഏറ്റവും പുതിയ ചിത്രമായ ആവേശത്തില്‍ ശ്രദ്ധേയമായ ഒരു വേഷമാണ് നീരജ കൈകാര്യം ചെയ്‌തത്. ‘എല്ലാരും ഹാപ്പി അല്ലേ’ എന്ന ഡയലോഗും വലിയ രീതിയില്‍ ഹിറ്റായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഇപ്പോള്‍ താരം തന്റെ സിനിമാ വിശേഷങ്ങളും മകള്‍ ദർശനയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നീരജ രാജേന്ദ്രൻ തന്റെ മനസ് തുറന്നത്. സിനിമയില്‍ കാണുന്നത് പോലെയല്ല ദർശൻ ജീവിതത്തിലെന്നും ആളിത്തിരി ഒതുങ്ങിയ ടൈപ് ആണെന്നും പറയുകയാണ് നീരജ. ‘ആളിത്തിരി ഒതുങ്ങിയ ടൈപ് ആണ്. അവളുടെ ചേച്ചിയെ പോലെയല്ല. അധികം എക്സൈറ്റ്മന്റ് ഒന്നും പ്രകടിപ്പിക്കുന്ന കൂട്ടത്തില്‍ അല്ല. പക്ഷേ ഞങ്ങളുടെ വീട്ടിലെ ചട്ടമ്ബി അവളാണ്. ഞങ്ങളെക്കാള്‍ ഒക്കെ ഫയർ അവള്‍ക്കാണ്’ നീരജ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വീട്ടില്‍ ചർച്ച ചെയ്യുന്നത് കുറവാണെന്നും അവർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘അവള്‍ ഏത് സിനിമയിലാണ് അഭിനയിക്കുന്നതെന്ന് അറിയാറില്ല. ഹൃദയത്തില്‍ അവളുടെ വേഷം എന്താണെന്ന് പോലും അറിയില്ലായിരുന്നു. ജയ ജയ ഹേയില്‍ കരാട്ടെ പഠിക്കാൻ പോയത് കൊണ്ടാണ് അറിഞ്ഞത്. സിനിമ തിരഞ്ഞെടുക്കുന്നത് ഒക്കെ അവളുടെ ഇഷ്‌ടമാണ്. അത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല’ നീരജ മനസ് തുറന്നു.
ദർശനയോട് വിവാഹക്കാര്യം സംസാരിക്കാറില്ലെന്നും നീരജ പറയുന്നു. ‘അവർ ഇനി എത്ര വയസായിട്ടാണെങ്കിലും നമ്മളോട് ചോദിച്ചാല്‍ ഓക്കേ, ഇന്ന ആളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞാല്‍ സമ്മതിക്കും.അതല്ലാതെ നമ്മളായിട്ട് ആ വിഷയം പറയില്ല. രണ്ട് മക്കളോടും ഇക്കാര്യം പറയാറില്ല. അവർക്ക് വേണമെങ്കില്‍ ആരെയും വിവാഹം കഴിക്കാം. ജാതിയോ മതമോ ഒന്നും ഒരു വിഷയമല്ല’ അവർ പറഞ്ഞു.
‘അത് നമ്മളല്ല തീരുമാനിക്കേണ്ടത്. അവർക്ക് അവരുടേതായ തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രായം ആയിട്ടുണ്ട്. ഞാൻ നിർബന്ധിക്കാറില്ല. കല്യാണം കഴിക്കണം എന്ന് പോലും ഞാൻ പറയില്ല. ഏതെങ്കിലും പ്രായത്തില്‍ അവർക്ക് വേണമെന്ന് തോന്നിയാല്‍ മാത്രം. അതും ആർഭാടം ആയിട്ടുള്ള കല്യാണത്തിനോട് ഒട്ടും യോജിപ്പില്ല’ നീരജ പറഞ്ഞുതീർത്തു.