ലണ്ടൻ: നിരന്തര തോൽവിയ്ക്കും സമനിലകൾക്കും ശേഷം ആശ്വാസ ജയം കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് ബ്രന്റ് ഫോർഡിനെ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഏതാൻ പിന്നോക്കിന്റെ ഗോളിലൂടെ ബ്രന്റ്‌ഫോർഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, രണ്ടാം പകുതിയിൽ പ്രത്യാക്രമണം കടുപ്പിച്ച യുണൈറ്റഡ് 47 ആം മിനിറ്റിൽ ഗർണ്ണാച്ചോയിലൂടെ സമ നില പിടിച്ചു. 62 ആം മിനിറ്റിൽ റസ്മുസ് ഹോജ് ലണ്ടിലൂടെ കളിയിൽ വിജയവും ഉറപ്പിച്ചു. പോയിന്റ് പട്ടികയിൽ 14 ആം സ്ഥാനത്തായിരുന്നു യുണൈറ്റഡ് ഇതോടെ പത്താം സ്ഥാനത്തേയ്ക്ക് ഉയർന്നു.
ആദ്യം ഗോളടിച്ച് ഭയപ്പെടുത്തിയ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ടോട്ടനം തകർത്ത് തരിപ്പണമാക്കിയത്. 18 ആം മിനിറ്റിൽ കുഡൂസ് നേടിയ ഗോളിനാണ് വെസ്റ്റ് ഹാം മുന്നിലെത്തിയത്. എന്നാൽ, 36 ആം മിനിറ്റിൽ ഡെജാൻ കുലുസേവിസ്‌കി തുടങ്ങി വച്ച ഗോളടി, 52 ആം മിനിറ്റിൽ ബിസോമ്മയിലൂടെയും 55 ആം മിനിറ്റിൽ അരിയോളയിലൂടെയും 60 ആം മിനിറ്റിൽ ഹ്യൂങ് മിങ്ങിലൂടെയും ടോട്ടനം പൂർത്തിയാക്കി. ഒന്നിനെതിരെ മൂന്നു ഗോളിന് ഫുൾ ഹാമിനെ മുക്കിയ ആസ്റ്റൺ വില്ലയും വിജയം ആഘോഷിച്ചു. അഞ്ചാം മിനിറ്റിൽ ജിമെൻസ് അടിച്ച ഗോളിൽ ഫുൾ ഹാം ലീഡ് എടുത്തപ്പോൾ, മോർഗൻ റോജേഴ്‌സ് ഒൻപതാം മിനിറ്റിൽ ആസ്റ്റൺ വില്ലയ്ക്ക് സമനില നൽകി. 59 ആം മിനിറ്റിൽ വാറ്റ്കിൻസ് ലീഡെടുത്ത കളിയിൽ ഇഷാ ദിയൂപ് നേടിയ സെൽഫ് ഗോളാണ് 69 ആം മിനിറ്റിൽ ആസ്റ്റൺ വില്ലയുടെ ലീഡ് മൂന്നാക്കി ഉയർത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡാനി വെൽബാക്കിന്റെ ഗോളിൽ ബ്രിങ്ടൗൺ ന്യൂകാസിലിനെ മറികടന്നു. ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിൽ സതാംപ്ടണിനെ ലെസ്റ്റർ സിറ്റി മറികടന്നു. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലെസ്റ്ററിന്റെ വിജയം. എട്ടാം മിനിറ്റിൽ കാമറൂൺ ആർച്ചറും, 28 ആം മിനിറ്റിൽ ജോ അരീബോയും നേടിയ ഗോളിനാണ് സതാംപ്ടൺ മുന്നിലെത്തിയത്. എന്നാൽ, രണ്ടാം പകുതിയിൽ ലെസ്റ്റൽ തുറന്നെടുത്ത അവസരങ്ങളെ തടഞ്ഞു നിർത്താൻ സതാംപ്ടണിന് ആദ്യ പകുതിയിലെ ലീഡ് മതിയായില്ല. 64 ആം മിനിറ്റിൽ ബുവനാനോട്ടെയും, 74 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ ജെയ്മി വാർഡിയും ഗോൾ നേടി സമനില പിടിച്ചപ്പോൾ, ഇൻജ്വറി ടൈമിന്റെ എട്ടാം മിനിറ്റിൽ ജോർഡാൻ ആയൂ ആണ് കളി ലെസ്റ്ററിന്റെ കയ്യിലെത്തിച്ച ഗോൾ നേടിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് എവർടൺ ഐപ്‌സ്വിച്ചിനെ വീഴ്ത്തിയത്. 17 ആം മിനിറ്റിൽ ലില്ലിമാനും, 40 ആം മിനിറ്റിൽ മിച്ചൽ കേനേയുമാണ് എവർടണ്ണിന്റെ ഗോൾ നേടിയത്.