“വ്യൂവർഷിപ്പ് കൂട്ടാനായി വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്ക് ലജ്ജയില്ലേ; നിങ്ങളുടെ ഇരകളിൽ അവസാനത്തേതിൽ ഒരാളാകാൻ ഞാൻ ശ്രമിക്കും”; മാധ്യമങ്ങൾക്കെതിരെ മാധവ് സുരേഷ്

മാധ്യമങ്ങൾ വ്യൂവർഷിപ്പിനു വേണ്ടി എന്തും ചെയ്യുന്ന തരത്തിൽ അധഃപതിച്ചു പോകുന്നതിൽ ദുഃഖമുണ്ടെന്ന് മാധവ് സുരേഷ്. പടക്കളം സിനിമയിലെ സന്ദീപിന് പകരം താൻ ആയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും മാധവ് സുരേഷ് പറഞ്ഞു. വ്യൂവർഷിപ്പ് കൂട്ടാനായി ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്ക് ലജ്ജയില്ലേ എന്നും മാധവ് സുരേഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച് പ്രതികരിച്ചു.

Advertisements

‘ഒന്നാമത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതാണ് ഞാൻ യഥാർഥത്തിൽ പോസ്റ്റ് ചെയ്തത്. രണ്ടും മൂന്നും ചിത്രങ്ങളിൽ കാണുന്ന തലക്കെട്ടുകൾ ആളുകളെ ആകർഷിക്കാനും അവരെക്കൊണ്ട് തെറിപറയിച്ച് വ്യൂവർഷിപ്പ് കൂട്ടാനായി ചില മാധ്യമങ്ങൾ നടത്തുന്ന തന്ത്രങ്ങളാണ്. ആളുകൾ ആദ്യം ചിത്രം ശ്രദ്ധിക്കുകയും അതിൽ എഴുതിയിരിക്കുന്നത് അവഗണിക്കുകയും ചെയ്യുമെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് നടത്തുന്ന കൃത്രിമ അടിക്കുറിപ്പുകളാണ് അടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞാൻ ഇതിൽ കാണിച്ചിരിക്കുന്ന മീഡിയ പേജുകൾ കൂടാതെ എനിക്ക് സ്ക്രീൻഷോട്ട് എടുക്കാൻ കഴിയാത്ത മറ്റ് ചാനലുകളോടും കൂടിയാണ് പറയുന്നത്. നിങ്ങൾക്ക് ലജ്ജയില്ലേ? നിങ്ങളുടെ ഗോസിപ്പുകൾക്ക് ഇരയാകുന്ന ആദ്യ വ്യക്തി ഞാനല്ല, പക്ഷേ നിങ്ങളുടെ ഇരകളിൽ അവസാനത്തേതിൽ ഒരാളാകാൻ ഞാൻ ശ്രമിക്കും, കാരണം നിങ്ങളുടെ വിവരക്കേട് കണ്ട് എനിക്ക് മടുത്തിരിക്കുന്നു. നിങ്ങളുടെയൊക്കെ അവസ്ഥ ദയനീയം തന്നെ.’ മാധവ് സുരേഷ് കുറിച്ചു.

പടക്കളത്തില്‍ സന്ദീപ് പ്രദീപിന് പകരം മാധവ് സുരേഷായിരുന്നെങ്കില്‍ എന്ന രീതിയില്‍ നിരവധി പോസ്റ്റുകള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയോട് നേരത്ത സമൂഹമാധ്യമങ്ങളിലൂടെ മാധവ് പ്രതികരിച്ചിരുന്നു.

സന്ദീപ് സിനിമയിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നായിരുന്നു മാധവിന്‍റെ വാക്കുകള്‍. തനിക്ക് ആ കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ചെയ്യുമായിരുന്നതിനേക്കാള്‍ മികച്ചതായി തന്നെയാണ് സന്ദീപ് പടക്കളത്തിലെ വേഷം ചെയ്തിരിക്കുന്നതെന്നും മാധവ് പറഞ്ഞിരുന്നു.

ഇത്തരം പോസ്റ്റുകളും താരതമ്യവും കലാകാരുടെ കഴിവിനോടും കഠിനാധ്വാനത്തോടുമുള്ള അനാദരവാണ് കാണിക്കുന്നതെന്നും മാധവ് പറഞ്ഞിരുന്നു. “ആ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ സന്ദീപിന്റെ അഭിനയത്തെ വിലകുറച്ച് കാണുന്നത് തോന്നി. നിങ്ങള്‍ക്ക് ഒരു നടനെ അഭിനന്ദിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഒരിക്കലും താരതമ്യം ചെയ്യരുത്. അത് ശരിയായ കാര്യമായി തോന്നുന്നില്ല,” എന്നാണ് മാധവ് സുരേഷ് പറഞ്ഞിരുന്നത്. ഈ വാക്കുകളെ വളച്ചൊടിച്ചുകൊണ്ടാണ് ചില മാധ്യമങ്ങള്‍ തലക്കെട്ടുകള്‍ നല്‍കിയതെന്നാണ് മാധവ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്.

Hot Topics

Related Articles