നാഗ്പൂര്‍ : രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ- വിദര്‍ഭ പോരാട്ടം. രണ്ടാം സെമിയില്‍ മധ്യപ്രദേശിനെ 62 റണ്‍സിന് പരാജയപ്പെടുത്തിയാണ് വിദര്‍ഭ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.പേസ് ബൗളിങ് ജോഡികളായ ആദിത്യ താക്കറെയും യാഷ് ഠാക്കൂറും മധ്യപ്രദേശിനെ എറിഞ്ഞ് വീഴ്ത്തി ജയം പിടിച്ചുവാങ്ങി. അഞ്ചാം ദിനം ആറിന് 228 എന്ന സ്‌കോറില്‍ നിന്നാണ് മധ്യപ്രദേശ് ബാറ്റിങ് പുനരാരംഭിച്ചത്. 30 റണ്‍സ് കൂടെ ചേര്‍ക്കുന്നതിനിടെ അവശേഷിച്ച നാല് വിക്കറ്റ് കൂടെ മധ്യപ്രദേശിന് നഷ്ടമായി. യാഷ് ഠാക്കൂറും അക്ഷയ് വഖാരെയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ ആദ്യ ഇന്നിങ് സില്‍ 170 റണ്‍സിന് പുറത്തായി. മധ്യപ്രദേശിന്റെ മറുപടി 252 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 408 റണ്‍സ് അടിച്ചെടുത്തു. 314 റണ്‍സിന്റെ ലീഡാണ് രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ നേടിയത്. 315 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശ് 258 റണ്‍സില്‍ ഓള്‍ ഔട്ടായി.മാര്‍ച്ച് 10 ന് 41 തവണ ചാമ്പ്യന്‍മാരായ മുംബൈയെയാണ് വിദര്‍ഭ എതിരിടുന്നത്. രഞ്ജി ഫൈനലില്‍ വിദര്‍ഭ ഇത് മൂന്നാം തവണയാണ് എത്തുന്നത്. രണ്ട് തവണയും യഥാക്രമം ഡല്‍ഹി (2017-18), സൗരാഷ്ട്ര (2018-19) എന്നിവരെ പരാജയപ്പെടുത്തി ടീം കിരീടം നേടി.