പാരിസ്: പാരിസ് ഒളിംപിക്‌സില്‍ നിന്ന് ഇന്ത്യന്‍ വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ വിതുമ്പി താരത്തിന്‍റെ അമ്മാവനും മുന്‍താരവുമായ മഹാവീര്‍ സിംഗ് ഫോഗട്ട്. മഹാവീര്‍ ഫോഗട്ട് കരയുന്ന ദൃശ്യങ്ങളാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. വിനേഷ് ഫോഗട്ടിന് സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും ഭാരം 50-100 ഗ്രാം കൂടിയാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട് എന്നും മഹാവീര്‍ ഫോഗട്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
‘എനിക്കൊന്നും കൂടുതലായി പറയാനില്ല. വിനേഷിന് സ്വര്‍ണ മെഡല്‍ രാജ്യമാകെ പ്രതീക്ഷിച്ചിരുന്നു. തീര്‍ച്ചയായും ഗെയിംസില്‍ നിയമങ്ങളുണ്ട്. എന്നാല്‍ ഭാരം 50-100 ഗ്രാം വ്യത്യാസം വന്നാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട്. നിരാശരാകരുത് എന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഒരുനാള്‍ വിനേഷ് ഫോഗട്ട് രാജ്യത്തിനായി ഒളിംപിക്സ് മെഡല്‍ കൊണ്ടുവരും. അടുത്ത ഒളിംപിക്‌സിനായി അവളെ ഞാന്‍ ഒരുക്കും’- എന്നുമാണ് വൈകാരികമായി മഹാവീര്‍ സിംഗിന്‍റെ പ്രതികരണം.