മുവി ഡെസ്ക്ക് : കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന് വിവേക് രഞ്ജന്‍ അഗ്നിഹോത്രി പുതിയ ചിത്രവുമായി എത്തുന്നു.മഹാഭാരതകഥ പറയുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് ബിഗ് കാന്‍വാസില്‍ എത്തുക. പ്രശസ്ത കന്നഡ സാഹിത്യകാരന് എസ് എല്‍ ഭൈരപ്പയുടെ വിഖ്യാത നോവല്‍ പര്‍വയെ അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി ചിത്രം ഒരുക്കുന്നത്. ഐ ആം ബുദ്ധയുടെ ബാനറില്‍ പല്ലവി ജോഷിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
വിവേക് അഗ്നിഹോത്രി തന്നെ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ സഹചരയിതാവ് പ്രകാശ് ബെലവാടിയാണ്. അനൌണ്സ്മെന്റ് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് അണിയറക്കാര്‍ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ധര്‍മ്മത്തിന്റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അതേസമയം അഭിനേതാക്കള്‍ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. 2005 ല്‍ ചോക്കലേറ്റ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമയില്‍ എത്തിയ ആളാണ് വിവേക് അഗ്നിഹോത്രി. ഹേറ്റ് സ്റ്റോറി, സിദ്, ബുദ്ധ ഇന്‍ ട്രാഫിക് ജാം, ദി കശ്മീര്‍ ഫയല്‍സ് വരെ ഇതുവരെ 9 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദി കശ്മീര്‍ ഫയല്‍സ്: അണ്‍റിപ്പോര്‍ട്ടഡ് എന്ന ഡോക്യുമെന്ററി സിരീസും സംവിധാനം ചെയ്തു. ദി വാക്സിന് വാര് ആണ് സംവിധാനം ചെയ്ത അവസാന ചിത്രം.