മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. പ്രതിപക്ഷ നേതാക്കളുടെ ബാഗുകള്‍ വ്യാപകമായി പരിശോധിക്കുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് അമിത് ഷായുടെ ബാഗുകളും ഹെലികോപ്റ്ററും പരിശോധിച്ചിരിക്കുന്നത്.
ഹെലികോപ്റ്ററിനുള്ളില്‍ ഉദ്യോഗസ്ഥർ തൻ്റെ ബാഗുകള്‍ പരിശോധിക്കുന്നതിൻ്റെ വീഡിയോ അമിത് ഷാ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ന്യായമായ തെരഞ്ഞെടുപ്പിലും ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും ബിജെപി വിശ്വസിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിയമങ്ങളും പാലിക്കുമെന്നും അമിത് ഷാ പറഞ്ഞു. ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലേക്ക് നാമെല്ലാവരും സംഭാവന നല്‍കുകയും ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യമായി ഇന്ത്യയെ നിലനിർത്തുന്നതില്‍ നമ്മുടെ കടമകള്‍ നിർവഹിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതോടെ വോട്ടർമാരെ ആകർഷിക്കാൻ സമ്മാനങ്ങളും പണവും വിതരണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പതിവായി പരിശോധനകള്‍ നടത്തുന്നുണ്ട്. ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ തിങ്കളാഴ്ച യവത്മാലില്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ച താക്കറെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ആഭ്യന്തര മന്ത്രി അമിത് ഷായുടെയോ ബാഗുകള്‍ ഇതുപോലെ പരിശോധിക്കുമോ എന്ന് ചോദിച്ചിരുന്നു.