നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ആയുധനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. എട്ട് പേര്‍ മരണപ്പെട്ടു, പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ബന്ദാര ജില്ലയിലാണ് സ്‌ഫോടനമുണ്ടായ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ച വിവരം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്ഥിരീകരിച്ചു. എട്ട് പേര്‍ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ പത്തരയോടെ ഫാക്ടറിയിലെ എല്‍.ടി.പി സെക്ഷനിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് ജീവനക്കാര്‍ക്ക് മേലെ പതിക്കുകയായിരുന്നു. ആദ്യം മൂന്നുപേരെയാണ് ജീവനോടെ രക്ഷിക്കാന്‍ സാധിച്ചത്. ഒരാള്‍ തത്ക്ഷണം മരിച്ചു. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്ടറിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.