എഡിറ്റര്‍ എന്ന നിലയില്‍ നിരവധി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടാണ് മഹേഷ് നാരായണന്‍ ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണന്‍ 2017 ല്‍ സംവിധായകനായി അരങ്ങേറിയത്. സംവിധാനം ചെയ്ത നാല് ചിത്രങ്ങളിലൂടെ ആ മേഖലയിലും പ്രതിഭ തെളിയിച്ചു. സംവിധായകന്‍റെ കസേരയില്‍ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പാട്രിയറ്റ് ആണ് ആ ചിത്രം. ഇപ്പോഴിതാ അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരവും പുറത്തെത്തിയിരിക്കുകയാണ്. വലിയ കാന്‍വാസില്‍ ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുങ്ങാനിരിക്കുന്ന ആ ചിത്രവും സിനിമാപ്രേമികള്‍ക്ക് വലിയ കൗതുകം പകരുന്ന ഒന്നാണ്.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഫോര്‍മുല വണ്‍ ഡ്രൈവര്‍ നരെയ്ന്‍ കാര്‍ത്തികേയന്‍റെ ജീവിതം പറയുന്ന സിനിമയാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. എന്‍കെ 370 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രം തമിഴ് ഭാഷയിലാവും തയ്യാറാവുക. എന്നാല്‍ ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാവും ചിത്രം. ബ്ലൂ മാര്‍ബിള്‍ ഫിലിംസിന്‍റെ ബാനറില്‍ ഫറസ് അഹ്‍സാന്‍, വിവേക് രംഗചാരി, പ്രതീക മൈത്ര എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരറൈ പോട്ര് എന്ന സിനിമയുടെ സഹരചയിതാവും അകം എന്ന മലയാള ചിത്രത്തിന്‍റെ സംവിധായികയുമായ ശാലിനി ഉഷ ദേവിയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“നരെയ്ന്‍ കാര്‍ത്തികേയന്‍റെ യാത്ര കേവലം റേസിംഗിനെക്കുറിച്ചുള്ള ഒന്ന് മാത്രമല്ല. അത് വിശ്വാസം സംബന്ധിച്ചുള്ള ഒന്നാണ്. നിങ്ങളിലും നിങ്ങളുടെ രാജ്യത്തിലും മറ്റാര്‍ക്കും താണ്ടാനാവാത്ത ഒരു സ്വപ്നത്തിലുമുള്ള വിശ്വാസം. അതാണ് ഈ കഥയിലേക്ക് എന്നെ എത്തിച്ചത്”, മഹേഷ് നാരായണന്‍ വെറൈറ്റിയോട് പറഞ്ഞു. കോയമ്പത്തൂര്‍ പോലെ ഒരു പട്ടണത്തില്‍ നിന്ന് ആരംഭിച്ച് നിറത്തിന്‍റെയും വര്‍ഗപരമായതുമായ വേര്‍തിരിവുകള്‍ മറികടന്ന് അന്തര്‍ദേശീയ റേസിംഗ് സര്‍ക്യൂട്ടീല്‍ വെന്നിക്കൊടി പാറിച്ച നരെയ്ന്‍ കാര്‍ത്തികേയന്‍റെ ജീവിതത്തിന്‍റെ വിവിധ തലങ്ങള്‍ അനാവരണം ചെയ്യുന്നതായിരിക്കും ചിത്രം.
ബയോപിക് ഒരുക്കാനുള്ള റൈറ്റ്സിനുവേണ്ടി വര്‍ഷങ്ങളായി താന്‍ നരെയ്നിന് പിന്നാലെ നടക്കുകയായിരുന്നെന്നും പല ചര്‍ച്ചകള്‍ക്ക് ശേഷം കൃത്യമായ ടീം എത്തിയപ്പോള്‍ അദ്ദേഹം സമ്മതം മൂളിയെന്നും ഫറസ് അഹ്സാന്‍ പറയുന്നു. അതേസമയം ചിത്രത്തില്‍ നരെയ്ന്‍ കാര്‍ത്തികേയനായി എത്തുന്നത് ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്‍റെ താരനിരയും സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ വൈകാതെ ഉണ്ടാവുമെന്ന് അറിയുന്നു.