പത്തനംതിട്ട: മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം ശബരിമലയിൽ സജ്ജീകരിച്ചതായി ദേവസ്വം ബോർഡ്. നിലയ്ക്കലില്‍ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്ക് വിരിവയ്ക്കുവാനുള്ള ജർമൻ പന്തല്‍ സജ്ജീകരിച്ചു. നിലയ്ക്കലില്‍ ടാറ്റയുടെ അഞ്ച് വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ മഹാദേവക്ഷേത്രത്തിന്‍റെ നടപന്തലില്‍ ആയിരം പേർക്കാണ് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം പമ്പയില്‍ പുതുതായി നാലു നടപ്പന്തലുകള്‍ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്ക് വരിനില്‍ക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂർത്തി മണ്ഡപത്തിന് പകരം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ കഴിയുന്ന താല്‍ക്കാലിക സംവിധാനം ഒരുക്കുന്നത് ഭക്തജനങ്ങള്‍ക്ക് സുഗമമായി വിരിവയ്ക്കല്‍ പൂർത്തിയാക്കാൻ സഹായിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതോടൊപ്പം ആയിരം പേർക്ക് വിശ്രമിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങൾ മരക്കൂട്ടം മുതല്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ വനിതകള്‍ക്കായി പ്രത്യേക വിശ്രമ കേന്ദ്രവുമുണ്ടാവും. വനിത ഫെസിലിറ്റേഷൻ സെന്ററില്‍ 50 പേർക്കുള്ള സൗകര്യം കൂടി ഒരുക്കും. വരി നില്‍ക്കുന്ന ഭക്തർക്കായി ബാരിക്കേടുകള്‍ക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകള്‍ വഴി ക്യൂ നില്‍ക്കുന്നവർക്ക് ചൂടുവെള്ളം നല്‍കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതല്‍ വലിയ നടപന്തല്‍ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കും. 2000 സ്റ്റീല്‍ ബോട്ടിലില്‍ ചുക്കു വെള്ളം നിറച്ച് മലകയറുന്ന ഭക്തർക്ക് നല്‍കുന്നതിനുള്ള ക്രമീകരണം പൂർത്തിയായി. ഭക്തരുടെ സൗകര്യത്തിനായി സന്നിധാനം മുതല്‍ ശരംകുത്തി വരെ 60 ഓളം ചുക്ക് വെള്ള കൗണ്ടറുകളും സജ്ജീകരിക്കും.