കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വൈദികര്‍ക്ക് തോന്നിയത് പോലെ കുര്‍ബാന ചൊല്ലാൻ പറ്റില്ലെന്ന് പറഞ്ഞ മാര്‍ റാഫേല്‍ തട്ടില്‍ കുര്‍ബാന അര്‍പ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും ചൂണ്ടിക്കാണിച്ചു. അതുപോലെ വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും മാറ്റണം. കുര്‍ബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചര്‍ച്ച് കുദാശ കര്‍മ്മത്തിനിടെയാണ് മാര്‍ റാഫേല്‍ തട്ടില്‍ കുര്‍ബാന വിഷയത്തിലെ പരാമര്‍ശം നടത്തിയത്.
കൂടാതെ വിമത വിഭാഗത്തിനെ വിമര്‍ശിച്ചും മാര്‍ റാഫേല്‍ തട്ടില്‍ സംസാരിച്ചു. സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനക്രമമെന്നും സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകള്‍ ഉണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ഇപ്പോള്‍ കടന്നു പോകുന്നത്, വലിയ പ്രതിസന്ധിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിറോ മലബാര്‍ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് സിനഡ് നിര്‍ദേശം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച പളളികളില്‍ വായിക്കും. മാര്‍പ്പാപ്പയുടെ നിര്‍ദേശം നിര്‍ബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സര്‍ക്കുലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പായി റാഫേല്‍ തട്ടില്‍ ചുമതലയേറ്റശേഷം ചേര്‍ന്ന സിനഡ് യോഗത്തിന്റേതാണ് തീരുമാനം.